Screengrab : Twitter Video
ഹിമാചല്‍പ്രദേശ്: റഷ്യക്കാരനായ സെര്‍ഗേയ് നോവികോവും കാമുകി യുക്രൈന് സ്വദേശി എലോന ബ്രമോകയും ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ വിവാഹിതരായി. ചൊവ്വാഴ്ചയായിരുന്നു വിവാഹം. പരമ്പരാഗതവേഷം ധരിച്ച് ഇരുവരും വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹിന്ദുമതാചാര പ്രകാരമായിരുന്നു ദിവ്യ ആശ്രം ഖരോട്ടയിലെ ചടങ്ങുകള്‍. ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനത്തിലെത്തിയത്. റഷ്യയും യുക്രൈനും തമ്മിലുള്ള സൈനിക സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയില്‍ വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിച്ചത്. ധര്‍മശാലയ്ക്ക് സമീപമുള്ള ധരംകോട്ടില്‍ കഴിഞ്ഞ ഒരുകൊല്ലമായി ഇവര്‍ താമസിച്ചു വരികയാണെന്ന് ദിവ്യ ആശ്രം ഖരോട്ടയിലെ പണ്ഡിറ്റ് സന്ദീപ് ശര്‍മ പറഞ്ഞു. ആശ്രമത്തിലെ രാമന് ശര്‍മ എന്ന പുരോഹിതനാണ് വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പുരോഹിതന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ നോവികോവിനും എലോനയ്ക്കും ബന്ധുക്കളായി. എലോനയുടെ കന്യാദാനമുള്പ്പെടെയുള്ള ചടങ്ങുകള്‍ ഇവര്‍ നടത്തി.
ധരംകോട്ടില്‍ താമസിക്കുന്ന മറ്റു വിദേശീയരും വിവാഹത്തിനെത്തുകയും ചടങ്ങുകള്‍ ആസ്വദിക്കുകയും ചെയ്തു. പുരോഹിതന് ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ഇവർ ഏറ്റുചൊല്ലി. ഓരോ മന്ത്രത്തിന്റേയും അര്‍ഥം ദമ്പതിമാര്‍ക്ക് ദ്വിഭാഷിയുടെ സഹായത്തോടെ പുരോഹിതന് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു.
വിവാഹത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര് ദമ്പതിമാര്‍ക്ക് ആശംസകളുമായെത്തി. ഇന്ത്യന്‍ സ്റ്റൈലില്‍ ഒരു റഷ്യന്‍-യുക്രൈന് വിവാഹം എന്നാണ് ഒരു സാമൂഹികമാധ്യമ ഉപയോക്താവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. വ്യത്യസ്തമായ വിഹാഹമെന്നും ഇന്ത്യന്‍ സംസ്കാരം മനോഹരമാണെന്നും കമന്റ് ചെയ്തവര്‍ നിരവധി. വിവാഹത്തില്‍ കുറ്റപ്പെടുത്തലുമായി കമന്റ് ബോക്സിലെത്തിയവരും കുറവല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..