ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ ഭരണകാലത്ത് റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതി ഗണ്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2009 മുതല്‍ 2013 വരെയുള്ള സമയത്ത് 76 ശതമാനവും റഷ്യന്‍ ആയുധങ്ങളായിരുന്നു ഇന്ത്യയുടെ ആയുധശേഖരത്തിലുണ്ടായിരുന്നതെങ്കില്‍ 2014 മുതല്‍ 2018 വരെയുള്ള കാലത്ത് അത് 58 ശതമാനമായെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) ന്ന സ്ഥാപനം തയ്യാറാക്കിയ 2018 ലെ ആയുധ കൈമാറ്റങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്. 

റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ 42 ശതമാനമാണ് ഇടിവുണ്ടായത്. ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളെയും രാജ്യങ്ങളെയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ കുറവവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള മോദിയുടെ നയപ്രകാരം വിദേശത്തുനിന്ന് ആയുധ ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇറക്കുമതിയില്‍ കുറവുവരുത്തിയിട്ടും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോഴും ഇന്ത്യ. 

റഷ്യയ്ക്ക് ഇന്ത്യന്‍ ആയുധവിപണിയിലുള്ള വിഹിതം കുറഞ്ഞപ്പോള്‍ ഇസ്രായേല്‍, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. 

ഇന്ത്യയ്ക്കു പുറമെ പാകിസ്താന്റെയും ആയുധ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടുണ്ട്. 39 ശതമാനമാണ് പാകിസ്താന്റെ ആയുധ ഇറക്കുമതിയില്‍ കുറവുവന്നത്. ഇതിന് പ്രധാന കാരണം അമേരിക്കന്‍ സഹായം പാകിസ്താന് ലഭിക്കാതെ വന്നതാണെന്നാണ് കരുതുന്നത്. 

ലോകത്തിലേറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ യുഎസ്, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നിവയാണ്. സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്‌ട്രേലിയ, അല്‍ജീരിയ എന്നീരാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.

Content Highlights: Russian arms exports to India fell by 42% in NDA Regime