ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായവുമായി പ്രധാന പങ്കാളികളായ റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്‌നിക് വി കോവിഡ് വാക്‌സിനുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയക്കും. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിനും ഹൈദരാബാദില്‍ എത്തും. നേരത്തെ സ്പുട്‌നിക് വി കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 

വാക്‌സിന് പുറമേ നാല് ഇടത്തരം ഓക്‌സിജന്‍ ട്രക്കുകളും റഷ്യ അയക്കുമെന്നാണ് ന്യൂഡല്‍ഹിയിലേയും മോസ്‌കോയിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഈ ട്രക്കുകള്‍ക്ക്  മണിക്കൂറില്‍ 70 കിലോ ഗ്രാം ഓക്‌സിജനും പ്രതിദിനം 50,000 ലിറ്ററും ഉത്പാദിപ്പിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഇവയുള്ള ആശുപത്രിയില്‍ ഓക്‌സിജന്റെ കുറവുണ്ടാകില്ല.

18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കായി ഇന്ത്യ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ച മെയ് ഒന്നിനാണ് ആദ്യ ബാച്ച് വാസ്‌കിന്‍ എത്തിയത്. 150,000 ഡോസ് സ്പുട്‌നിക് വാക്‌സിനാണ് അന്ന് എത്തിയത്. കോവിഡിനെതിരേ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള സ്പുട്‌നിക്കിന് ഏപ്രില്‍ 12-ന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്‌പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) സ്ഫുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്. കോവിഷീല്‍ഡിനും കോവാക്സിനും ശേഷം ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് റഷ്യയുടെ സ്പുട്നിക്-വി. 91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് വാക്സിനിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Russia sending another batch of 150,000 Sputnik V vaccines to India