മോസ്‌കോ : ഓഗസ്റ്റിലും ഒക്ടോബറിലുമായി രണ്ട് വാക്‌സിനുകള്‍ കോവിഡിനെതിരേ പുറത്തിറക്കിയ റഷ്യ മൂന്നാമതൊരു വാക്‌സിന്‍ കൂടി പുറത്തിറക്കാനൊരുങ്ങുന്നു. ഓഗസ്റ്റിലാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍- സ്പുട്‌നിക് 5 റഷ്യ ആദ്യമായി പുറത്തിറക്കുന്നത്. ഒക്ടോബര്‍ 14ന് മറ്റൊരു കോവിഡ് വാക്‌സിനു കൂടി റഷ്യ അനുമതി നല്‍കി. 2020 ഡിസംബറോടു കൂടി മൂന്നാമത്തെ ഏറ്റവും പുതിയ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് റഷ്യ പ്രതീക്ഷിക്കുന്നത്.

കോവിഡിന്റെ രണ്ടാം തരംഗമാണ് റഷ്യയിലിപ്പോള്‍. ഒക്‌ടോബറില്‍ 13 ലക്ഷത്തോളം കേസുകള്‍ റഷ്യയിലുണ്ടായിരുന്നു.

റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം ഇതുവരെ

1. വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ നടത്താത്തതിനാലാണ് ഇതിനോടകം രണ്ട് വാക്‌സിനുകള്‍ പ്രഖ്യാപിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞത്.

2. ആദ്യം പുറത്തിറക്കിയ സ്പുട്‌നിക് 5 വാക്‌സിന്‍  പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മകള്‍ക്ക് നല്‍കിയിരുന്നു.

3. 13,000 വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിയുള്ള സ്പുട്നിക് 5 വാക്സിന്റെ പോസ്റ്റ്-രജിസ്‌ട്രേഷന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്

4. രണ്ടാമത് പുറത്തിറക്കിയ എപിവാക് കൊറോണ, സിന്തറ്റിക് വാക്‌സിന്‍ ആണ്. ഇത് സ്പുട്‌നിക് 5നേക്കാള്‍ സുരക്ഷിതമെന്നാണ് പറയപ്പെടുന്നത്.

5.100 വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് രണ്ടാമത്തെ വാക്സിനില്‍ നടത്തിയത്.

5. രണ്ടാമത്തെ വാക്‌സിന്റെ 60,000 ഡോസുകള്‍ അടങ്ങിയ ആദ്യ ബാച്ച് ഉടന്‍ തന്നെ നിര്‍മ്മിക്കും. 40,000 വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്-രജിസ്‌ട്രേഷന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താമസിയാതെ ആരംഭിക്കും.

6. 60 വയസ്സിനു മുകളില്‍ പ്രായമുള്ള 150 പേരിലും രണ്ടാമത്തെ വാക്‌സിന്‍ പരീക്ഷിച്ചുനോക്കും.

7. മൂന്നാമത്തെ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചു. ഒക്ടോബര്‍ 6 ന് 15 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഈ വാക്‌സിന്‍ കുത്തിവയ്പ് നല്‍കി. ഇതുവരെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

8.  മൂന്നാമത്തെ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഡിസംബറോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ.

9. റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയ്ക്കും ചീഫ് ഡോക്ടര്‍ അന്ന പോപോവയും രണ്ടാമത്തെ വാക്‌സിന്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 

10. റഷ്യ ഒരു ചെറിയ ഗ്രൂപ്പില്‍ മാത്രം വാക്‌സിന്‍ പരീക്ഷണം നടത്തിയതു കൊണ്ട്  ഇന്ത്യയിലെ ഡോ റെഡ്ഡി ലബോറട്ടറിക്ക് സ്പുട്‌നിക് 5 വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്താനുള്ള അനുമതി ഇന്ത്യ നിഷേധിച്ചു. 

content highlights: Russia says its third Covid-19 vaccine is almost ready