ഐസ്വാള്‍: കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നല്‍കാനൊരുങ്ങി മിസോറാം മന്ത്രി. കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെയാണ് തന്റെ നിയോജക മണ്ഡലത്തില്‍ ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാവിന്പാരിതോഷികം പ്രഖ്യാപിച്ചത്. ജനസംഖ്യാപരമായി പരിമിതമായ  മിസോ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്. 

ഞായറാഴ്ച ഫാദേഴ്‌സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 വിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നല്‍കുമെന്ന് റോയ്‌തെ അറിയിച്ചത്. എന്നാല്‍ പാരിതോഷികം ലഭിക്കാന്‍ എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ മന്ത്രി സൂചന നല്‍കിയിട്ടില്ല. കൂടാതെ, പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച പ്രസ്താവിച്ചു. 

റോയ്‌തെയുടെ മകന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് പാരിതോഷികത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രത്യുത്പാദനനിരക്കും ജനസംഖ്യാ വളര്‍ച്ചാ നിരക്കും മിസോ ജനതക്കിടയിലെ കുറഞ്ഞു വരുന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണെന്ന് റോയ്‌തെ പറഞ്ഞു. ജനസംഖ്യയില്‍ കാലക്രമേണയുണ്ടായ കുറവ് സംസ്ഥാനത്തിന്റെ പല മേഖലകളിലുമുള്ള വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യയിലുണ്ടാകുന്ന കുറവ് മിസോ ജനതയുടെ അതിജീവനവും വികസനവും കൂടുതല്‍ അസാധ്യമാക്കുമെന്നും റോയ്‌തെ പറഞ്ഞു. 

ജനസംഖ്യാ വര്‍ധനവ് ലക്ഷ്യമാക്കി മിസോറാമില്‍ ചില ക്രൈസ്തവ ആരാധനാലയങ്ങളും യങ് മിസോ അസ്സോസിയേഷന്‍ പോലുള്ള സാമൂഹിക സംഘടനകളും ബേബി ബൂം പോലുള്ള നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2011 ലെ ജനസംഖ്യാകണക്കനുസരിച്ച് 10,91,015 പേരാണ് മിസോറാമിലുള്ളത്. സംസ്ഥാനത്തിന്റെ വലിപ്പം ഏകദേശം 21,087 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 52 പേര്‍ മാത്രമാണ് അധിവസിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളില്‍ അരുണാചല്‍ പ്രദേശിന് പിന്നില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് മിസോറാം. 

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ജനസംഖ്യാനിയന്ത്രണ നയങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനിടെയാണ് മിസോറാമില്‍ വിരുദ്ധമായ നിലപാട് ജനപ്രതിനിധിയില്‍ നിന്നുണ്ടായിരിക്കുന്നത്. അയല്‍സംസ്ഥാനമായ അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാരാനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നയം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. കൂടാതെ കുടിയേറ്റ മുസ്ലിങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ നിര്‍ദേശിക്കുകയും ചെയ്തു. ഉയരുന്ന ജനസംഖ്യ സംസ്ഥാനത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനാല്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് ലോ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യനാഥ് മിത്തല്‍ ഞായറാഴ്ച ആവശ്യപ്പെട്ടു. 

Content Highlights: Rupees 1 Lakh For Parents With Highest Number Of Children, Robert Romawia Royte, Mizoram Minister