ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് സഹായകമായ നിലവിലെ നിയമങ്ങൾ രാജ്യതാത്പര്യത്തിന് അനുസൃതമായി പരിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിയമങ്ങൾ ഏറെ കാലഹരണപ്പെട്ടവയാണെന്നും അവയെല്ലാം ഇന്ത്യയിലെ കമ്പനികൾക്ക് ഗുണകരമാകുന്ന വിധത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇന്ത്യൻ കമ്പനികളെയും കരാറുകാരെയും സഹായിക്കേണ്ടതുണ്ട്. അനുഭവ പരിചയവും സാമ്പത്തിക ഭദ്രതയും ഉള്ള കമ്പനികളെ മാത്രമേ നേരത്തെ സർക്കാർ സംരംഭങ്ങളിൽ പങ്കെടുപ്പിച്ചിരുന്നുള്ളു. അതിനാൽ കരാറുകളിൽ നിന്ന് പരിഗണിക്കപ്പെടാതെ പോകുന്ന ഇന്ത്യൻ കമ്പനികളെ സഹായിക്കേണ്ടതുണ്ട്.
നമ്മുടെ നിയമങ്ങൾ പലതും കാലഹരണപ്പെട്ടതാണ്. അതിലെ പലവ്യവസ്ഥകളും കരാറുകാരെ പിന്തിരിപ്പിക്കുന്നു. ദേശീയപാതയുടെയും വലിയ പാലങ്ങളുടെയും കാര്യങ്ങൾ നോക്കാം. ഇത്രയും ബൃഹദ് പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടത്ര അനുഭവ പരിചയവും സാമ്പത്തിക ഭദ്രതയുമുള്ള കമ്പനികളെ മാത്രമേ മുമ്പ് അനുവദിച്ചിരുന്നുള്ളു. എന്നാൽ ഇന്ത്യയിൽ ഒരു കമ്പനിയും അത്തരം വലിയ പ്രൊജക്ടുകൾ ഏറ്റെടുത്ത് ചെയ്തിട്ടുമില്ല. അതിനാൽ ഒരിന്ത്യൻ കമ്പനിക്ക് പോലും ഈ കരാറുകൾ ലഭിക്കാറില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇനി അനുഭവ പരിചയമോ അത്തരം പദ്ധതികൾ നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ പോലും സാമ്പത്തിക ഭദ്രതയുണ്ടാകാൻ വിദേശ കമ്പനികളുമായി കൂടിച്ചേർന്ന് സംയുക്ത സംരംഭങ്ങൾക്ക് ഇന്ത്യയിലെ കരാറുകാർ നിർബന്ധിതരാകുന്നു. നിലവിലെ സാഹചര്യത്തിൽ ചൈനീസ് കമ്പനികളുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്ക് കരാർ നൽകുന്നത് ശരിരായ കാര്യമല്ല, അത് രാജ്യതാത്‌പര്യമല്ലെന്നും ഗഡ്കരി അവകാശപ്പെട്ടു.
ആത്മനിർഭർ ഭാരത് പദ്ധതിയെ ചൈനയുമായി കൂട്ടിയിണക്കരുത്. ഇത്തരം കാര്യങ്ങളിൽ മത്സരക്ഷമത വർധിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞ മൂലധനത്തിൽ ചെയ്യാവുന്നവയായി മാറണം. നമ്മുടെ സാങ്കേതിക വിദ്യകൾ കൂടുതൽ മെച്ചപ്പെടുത്തണം, എംഎസ്എംഇ മേഖലകളിൽ വിദേശ നിക്ഷപം വർധിപ്പിക്കുകയും വേണം.
എല്ലാത്തരം സാങ്കേതിക വൈദഗ്ധ്യങ്ങളും നമുക്കുണ്ട്. രണ്ടുമാസം മുമ്പ് പ്രത്യേക വിമാനത്തിൽ ചൈനയിൽ നിന്ന് പിപിഇ കിറ്റ് ഇറക്കുമതി ചെയ്യുകയായിരുന്നു നമ്മൾ ചെയ്തിരുന്നത്. എന്നാൽ ഇന്ന് രാജ്യത്തെ എംഎസ്എംഇ മേഖലയിലുള്ള കമ്പനികളാണ് അവ നിർമിക്കുന്നത്. ഇത്തരത്തിൽ ഗുണമേന്മയുള്ള അഞ്ച് ലക്ഷം കിറ്റുകളാണ് ഇന്ന് ദിനവും ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ഉത്‌പാദനം കൂടുതലാണെങ്കിൽ അത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കണമെന്ന് വ്യാപാര മന്ത്രാലയത്തോട് അഭ്യർഥിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.
ഇന്ത്യയിലെ ദേശീയപാത അടക്കമുള്ള റോഡ് നിർമാണങ്ങളിൽ ചൈനീസ് കമ്പനികളേയോ ചൈനീസ് കമ്പനികളുമായി കൂട്ടുചേർന്നുള്ള സംയുക്ത സംരംഭങ്ങളെയോ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച മന്ത്രി പുതിയ പരാമർശം നടത്തിയിരിക്കുന്നത്.
വൈദ്യുത വിതരണത്തിനുള്ള ഉപകരണങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തടയുമെന്നും ഇന്ത്യൻ കമ്പനികൾ ഇവ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ അനുമതി വേണ്ടി വരുമെന്നും കേന്ദ്ര ഊർജ്ജമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പുറമേയാണ് മന്ത്രിമാർ ഇക്കാര്യങ്ങൾ അറിയിച്ചത്. ലഡാക്കിലെ ഗാല്‍വനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യുവരിച്ചതിന് പിന്നാലെ പലമേഖലകളിലും ചൈനീസ് വിരുദ്ധ നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രസ്താവനകൾ.
Content Highlights:Rules that help Chinese companies should be reviewed in national interest says Union Minister Nitin Gadkari