Photo: Reuters
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍എസ്എസുമായി ബന്ധമുള്ള പ്രസിദ്ധീകരണമായ പാഞ്ചജന്യ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായമൊരുക്കുകയാണെന്നും പാഞ്ചജന്യ ആരോപിച്ചു. അതേ സമയം കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇന്‍ഫോസിസും ഇതിനോട് പ്രതികരിച്ചിട്ടില്ല.
ധനമന്ത്രാലയത്തിനായി ഇന്‍ഫോസിസ് വികസിപ്പിച്ച ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കമ്പനിക്കെതിരെയുള്ള കടന്നാക്രമണം.
'നക്സലുകളേയും ഇടതുപക്ഷക്കാരേയും തുക്കടെ തുക്കടെ സംഘത്തേയും സഹായിക്കുകയാണ് ഇന്‍ഫോസിസ്' പഞ്ചജന്യയുടെ പുതിയ പതിപ്പില്‍ പറഞ്ഞു. സ്ഥാപനം എത്ര വലിയ പദ്ധതികള്‍ ചെയ്തുവെന്ന് ഇതെഴുതിയ ലേഖകന്‍ അറിയില്ലെന്ന് ഇന്‍ഫോസിസിനെ പ്രതിരോധിച്ചുകൊണ്ട് കമ്പനി മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരായി വാര്‍ത്തകള്‍ നല്കുന്ന വെബ് പോര്‍ട്ടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇന്‍ഫോസിസാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാഞ്ചജന്യയുടെ പുതിയ കവര്സ്റ്റോറിയില് ഉന്നയിക്കുന്നത്.
ജിഎസ്ടി ആന്‍ഡ് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ തകരാര്‍ ചൂണ്ടിക്കാട്ടിയാണ് ലേഖനത്തില്‍ വിമര്‍ശനങ്ങളത്രയും.' ആവര്‍ത്തിച്ച് തകരാര്‍ സംഭവിക്കുന്നത് സംശയം ജനിപ്പിക്കും. ഇന്‍ഫോസിസ് മാനേജ്മെന്റ് മനഃപൂര്‍വ്വം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്. ഇന്‍ഫോസിസ് വഴി ചില രാജ്യവിരുദ്ധ ശക്തികള്‍ ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ഹനിക്കാന്‍ ശ്രമിക്കുന്നുണ്ടോ?' ലേഖനത്തില്‍ ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് പകരം ഒരു വിദേശ ഇടപാടുകാരാണെങ്കില്‍ ഇത്തരത്തില്‍ മോശം സര്‍വീസ് നടത്തുമോയെന്നും ചോദ്യമുന്നയിക്കുന്നു.
മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ആര്‍എസ്എസെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി ഇതിനോട് പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..