അമിത് ജയ്സ്വാൾ
ആഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്എസ് പ്രവര്ത്തകന് കോവിഡ് ബാധിച്ച് മരിച്ചു. 42 കാരനായ അമിത് ജയ്സ്വാളാണ് മരിച്ചത്.
ഏപ്രില്‍ 29നാണ് അമിതിന്റെ മരണം. ആഗ്രയിലെ ആശുപത്രികളില്‍ ഒരു ബെഡിനായി ഒരുപാട് അലഞ്ഞിട്ടും കിട്ടാതായതോടെ കോവിഡ് ബാധിച്ച് പത്തുദിവസത്തിനുശേഷം അമിതിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. 42-കാരനായ അമിത് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ അമ്മയും കോവിഡ് ബാധിച്ചു മരിച്ചു.
വര്‍ഷങ്ങളായി മോദിയുടെ ചിത്രം പതിച്ച കാറിലായിരുന്നു ജയ്സ്വാളിന്റെ യാത്ര. ജയ്സ്വാളിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരി കാറില്‍ നിന്ന് മോദിയുടെ ചിത്രം വലിച്ചു കീറി. രോഗബാധിതനായി ജയ്സ്വാളിന് ആശുപത്രിയില്‍ ഒരു കിടക്കലഭിച്ചില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി യോഗിആദിത്യനാഥിനെയും ടാഗ് ചെയ്ത് ഇദ്ദേഹത്തിന്റെ കുടുംബം ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ഇടപെട്ട് കിടക്ക സൗകര്യം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ മികച്ച ചികിത്സ കിട്ടാതെ 10 ദിവസത്തിനു ശേഷമായിരുന്നു ജയ്സ്വാളിന്റെ മരണം.
"മോദിക്കെതിരെയോ യോഗിക്കെതിരെയോ ഒരു വാക്കുപോലും കേള്‍ക്കാന്‍ അമിത് തയാറായിരുന്നില്ല. ആരെങ്കിലും അവരെക്കുറിച്ച് മോശമായി പറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ മര്‍ദിക്കാന്‍ വരെ അമിത് തയാറായിരുന്നു", മൂത്ത സഹോദരി സോനു അല്‍ഗ പറയുന്നു.
അമിത് മരിച്ച അന്നു തന്നെ താനും ഭര്‍ത്താവും കാറില്‍ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം കീറിയെറിഞ്ഞതായി സഹോദരി സോനു പറഞ്ഞു. ഒരിക്കലും മോദിയോട് ക്ഷമിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമിത്തിന്റെയും അമ്മയുടേയും ചികിത്സയ്ക്കായി ആശുപത്രി അധികൃതര്‍ അധിക തുക ഈടാക്കിയെന്നും കുടുംബം ആരോപിച്ചു. പത്തു ദിവസത്തെ ചികിത്സയ്ക്ക് 4.75 ലക്ഷവും അമ്മയുടെ 20 ദിവസത്തെ ചികിത്സയ്ക്ക് 11 ലക്ഷം രൂപയുമാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയത്. റെംഡിസിവിര്‍ മരുന്ന് ഇവര്‍ തന്നെയാണ് വാങ്ങിനല്‍കിയത് എന്നിട്ടും ഇത്രയും പണം എങ്ങനെയാണ് നല്‍കേണ്ടിവന്നതെന്നും സഹോദരി ചോദിക്കുന്നു.
content highlights: RSS worker Modi followed on Twitter dies of Covid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..