ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും നേതൃപാടവത്തെ താരതമ്യം ചെയ്ത് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനശൈലിക്ക് കടകവിരുദ്ധമായ പ്രവര്‍ത്തനശൈലിയാണ് ഷി ജിന്‍പിങ്ങിന്റേതെന്ന് അഭിപ്രായപ്പെട്ട ഓര്‍ഗനൈസര്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്ന് നയിച്ചുവെന്നും ലേയില്‍ പ്രധാനമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം തന്ത്രപരവും രാഷ്ട്രീയപരവും സാംസ്‌കാരികവുമായ ശക്തമായ സന്ദേശമാണ് നല്‍കിയതെന്നും പറഞ്ഞു. 

മുന്നില്‍നിന്ന് നയിച്ചുകൊണ്ട് പ്രധാനമന്ത്രി അവസരോചിതമായി പ്രതികരിച്ചു. അദ്ദേഹം അതിര്‍ത്തിയെ കുറിച്ചും ഭാരതീയ സായുധസേനയുടെ ഘടനയെ കുറിച്ചും പരാമര്‍ശിച്ചപ്പോള്‍ രാജ്യത്തിന്റെ ഐക്യത്തിന്റെയും സമഗ്രതയെയും കുറിച്ചുള്ള സന്ദേശം ആവര്‍ത്തിക്കപ്പെട്ടു. മോദിയുടെ നേതൃത്വ സവിശേഷതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഷി തീവ്രമായ ഉത്കര്‍ഷേച്ഛയും കരുത്തുമുള്ള നേതാവാണെങ്കിലും അരക്ഷിതനാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടത് ഷിയുടെ ഭരണക്കഴിവിനെ തുറന്നുകാട്ടി. അതുചോദ്യം ചെയ്തവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പോലീസിന്റെ കടുത്തനടപടികള്‍ നേരിടേണ്ടി വന്നു. ഗാല്‍വന്‍ താഴ് വരയിലണ്ടായ ഏറ്റുമുട്ടലില്‍, കുറഞ്ഞത് നാല്‍പത്തിമൂന്ന് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അവരുടെ ത്യാഗത്തെ ഷി അംഗീകരിക്കാന്‍ വരെ തയ്യാറായില്ല. 

വ്യത്യസ്തമായ ലോകകാഴ്ചപ്പാടുകളാണ് ഇരുനേതാക്കളുടേതെങ്കിലും രണ്ടുപേരും തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ടീയപാര്‍ട്ടികളോട് പ്രതിജ്ഞാബദ്ധരാണെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'മോദി പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളെയാണ്. കമ്മ്യൂണിസത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയെയാണ് ഷി പ്രതിനിധീകരിക്കുന്നത്. മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്കായി നിലകൊള്ളുമ്പോള്‍ ഷിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പഴയതെല്ലാം ഉപേക്ഷിക്കണമെന്നാണ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. ആത്മീയത മോദിയെപ്പോലുള്ള നേതാവിന് കരുത്ത് പകരുമ്പോള്‍ അന്തര്‍ലീനമായ ഭൗതികവാദദിശാബോധം ഷിയെപ്പോലുളള നേതാക്കളുടെ ബലഹീനതയാകുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും നേതൃത്വ ശൈലിയെ ആര്‍എസ്എസ് മുഖപത്രം താരതമ്യം ചെയ്തിരിക്കുന്നത്. 

Content Highlights: RSS mouthpiece Organiser's editorial comparing Modi’s and Xi’s leadership style