ന്യൂഡല്‍ഹി: മാതാപിതാക്കള്‍ പെണ്‍കുട്ടികളെ മൂല്യബോധത്തില്‍ വളര്‍ത്തിയാല്‍ മാത്രമെ ഹാഥ്‌റസ് പോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാനാകൂ എന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി.

'ആര്‍എസ്എസ്സിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥയാണ് അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചത്. പുരുഷന്മാര്‍ ബലാത്സംഗം ചെയ്യും, എന്നാല്‍, സ്ത്രീകളെ മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കണം' - ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിജെപി എംഎല്‍എ ആയ സുരേന്ദ്ര സിങ്ങാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിനോ ബലപ്രയോഗത്തിലൂടെയോ വാളുകൊണ്ടോ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഒരു അധ്യാപകനും എംഎല്‍എയും എന്ന നിലയില്‍ തനിക്ക് തോന്നുന്നതെന്നും സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് അദ്ദേഹം.

Content Highlights: RSS Male Chauvinist Mentality -  Rahul Slams BJP MLA