ന്യൂഡല്‍ഹി: പച്ചക്കറികള്‍ക്കും മറ്റു ഭക്ഷ്യവിളകള്‍ക്കും പരമാവധി വിപല്‍ന വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തെ കര്‍ഷകരെ സംബന്ധിച്ച് നിര്‍ണായകമായ ആവശ്യവുമായി ഭരണാനുകൂല സംഘടന തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷകര്‍ വലിയ അനീതിയാണ് നേരിടുന്നതെന്നും പച്ചക്കറികള്‍ക്കും മറ്റു കാര്‍ഷികോല്‍പന്നങ്ങള്‍ക്കും വില്‍പന വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കിസാന്‍ സംഘ് ആവശ്യപ്പെടുന്നത്. വിപണിയില്‍ തക്കാളിക്ക് 30 രൂപ വില്‍പ്പനക്കാര്‍ക്ക് ലഭിക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് അഞ്ചു രൂപയാണ്. പലപ്പോഴും ഉപഭോക്താവിന് ഇത് ലഭിക്കുമ്പോള്‍ 50 രൂപവരെ ഉയര്‍ന്നേക്കാം. കാര്‍ഷികാവശ്യത്തിനുള്ള എല്ലാ അസംസ്‌കൃതവസ്തുക്കളും കര്‍ഷന്‍ വാങ്ങുന്നത് പരമാവധി വില്‍പന വിലയിലാണ്. എന്നാല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കേണ്ടിവരുന്നതാകട്ടെ ഏറ്റവും കുറഞ്ഞ വിലയിലുമാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്- ഭാരതീയ കിസാന്‍ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

കാര്‍ഷിക വിളകളുടെ താങ്ങുവില ഉയര്‍ത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ഒരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും കിസാന്‍ സംഘ് കുറ്റപ്പെടുത്തുന്നു. കുറഞ്ഞ താങ്ങുവില നിശ്ചയിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉപഭോക്താക്കളെയും വില്‍പനക്കാരെയും സന്തോഷിപ്പികുക എന്നതാണ് സര്‍ക്കാരിന്റെ ചിന്താഗതിയെന്നും അവര്‍ പറയുന്നു.

നിലവില്‍ പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നത്. ഇപ്പോള്‍ 23 ഇനങ്ങള്‍ക്കുമാത്രമാണ് സര്‍ക്കാരിന്റെ താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പ്രധാനപ്പെട്ട വിളകള്‍ക്കും താങ്ങുവില നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മാഹിനി മോഹന്‍ മിശ്ര ആവശ്യപ്പെട്ടു.

Content Highlight: RSSLinked Farmers' Union, MRP for Vegetables Soon, modi government, budget 2019