പ്രതീകാത്മക ചിത്രം | ചിത്രം: AFP
ബല്ലിയ (ഉത്തര്‍പ്രദേശ്): കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ ആര്‍എസ്എസ് അനുബന്ധ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം നല്കിയ ഉറപ്പ് നടപ്പിലാക്കാത്തതിനാലാണ് സെപ്റ്റംബര്‍ 8ന് ബി.കെ.എസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 31-ന് ഉള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്.
വിളകളുടെ ഉത്പാദനച്ചെലവിന് അനുസൃതമായി താങ്ങുവില തീരുമാനിക്കണമെന്നും പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് ഒരു പുതിയ നിയമം രൂപവത്കരിക്കണമെന്നും ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി പ്രതീകാത്മക ധര്‍ണ സംഘടിപ്പിക്കാന്‍ ബി.കെ.എസ് ഒരുങ്ങുന്നത്.
നരേന്ദ്രമോദി സര്‍ക്കാരിന് ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കിയെന്നും എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല സൂചനകളൊന്നും ഇതുവരെ ഇല്ലാത്തതിനാലാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചതെന്നും ഭാരതീയ കിസാന്‍ സംഘ് ട്രഷറര്‍ യുഗല്‍ കിഷോര്‍ മിശ്ര ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകരുടെ ദുരിതം ജനങ്ങളെ അറിയിക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബി.കെ.എസ് നേതാക്കള്‍ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ എട്ടിന് ശേഷം തങ്ങള്‍ ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും യുഗല്‍ കിഷോര്‍ മിശ്ര അറിയിച്ചു.
Content highlights: RSS-Linked Farmers' Body To Hold Nationwide Protest Over Farm Laws On September 8
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..