കൊച്ചി: ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനെ തിരികെ വിളിക്കണമെന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് കുമ്മനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയത്.

ആര്‍.എസ്.എസ് എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് കുമ്മനത്തെ കഴിഞ്ഞ മേയില്‍ മിസോറാം ഗവര്‍ണറായി നിയമിച്ചത്. മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നായിരുന്നു ആര്‍.എസ്.എസ് ആവശ്യമുന്നയിച്ചിരുന്നത്.  ഇത് പരിഗണിക്കാമെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ശബരിമല പ്രക്ഷോഭം ഉണ്ടാവുകയും അത് വേണ്ട രീതിയില്‍ സംസ്ഥാന നേതൃത്വത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ആവശ്യം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.  

കഴിഞ്ഞ ഒരാഴ്ചയായി ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല.

ഡിസംബര്‍ 11 ന് മിസോറാം നിയമസഭാ ഫലം പുറത്തുവരും. അതിന് ശേഷം ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണമുണ്ടാകും. അതിന് ശേഷം ഈ മാസം അവസാനത്തോടുകൂടി കുമ്മനത്തിനെ തിരികെ എത്തിക്കണമെന്നാണ് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഗവര്‍ണര്‍ ആയിരുന്ന ഒരാളെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന കീഴ്‌വഴക്കം ഉണ്ടായിട്ടില്ല. ഈ കാരണത്താലാണ് കേന്ദ്രനേതൃത്വം ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതിരിക്കുന്നത്.  നിലവിലെ സംസ്ഥാന നേതൃത്വത്തിനോട് ആര്‍.എസ്.എസിന് പ്രതിപത്തിയില്ല. ശബരിമല പ്രക്ഷോഭം പല വഴിക്കായി. മറ്റ് ജാതി സംഘടനകള്‍ക്ക്കൂടി സ്വീകാര്യനായ നേതൃത്വമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കുമ്മനത്തിനെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നത്.

Content Highlights: RSS, Bring back Kummanam Rajashekharan, BJP, Mizoram election,Sabarima;a Protest