ന്യൂഡല്‍ഹി: കല്‍ക്കരി ഖനന മേഖലയെ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വാശ്രയ ഭാരത് പാക്കേജിന്റെ ഭാഗമായി നടത്തിയ നാലാം ഘട്ട വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  ഖനന മേഖലയില്‍ മത്സരം, സുതാര്യത, സ്വകാര്യമേഖല പങ്കാളിത്തം എന്നിവ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 

നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് കല്‍ക്കരി ഖനനം നിലനില്‍ക്കുന്നത്. ഈ നിയന്ത്രണം ഇപ്പോള്‍ എടുത്തു കളയുന്നുവെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

സ്വകാര്യ കമ്പനികള്‍ക്കും കല്‍ക്കരി ഖനനത്തിന് അനുവാദം നല്‍കും. വരുമാനം പങ്കുവെക്കല്‍ നയത്തിലാണ് സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. കല്‍ക്കരിയുടെ ഖനനം കൂടുമ്പോള്‍ സ്വാഭാവികമായും അതിന്റെ വിലയും കുറയുമെന്ന് മന്ത്രി അവകാശപ്പെട്ടു. കല്‍ക്കരി ഖനത്തിന് ബ്ലോക്കുകള്‍ അനുവദിക്കുന്നത് ലേലത്തിലൂടെയാകും.  ഇതിനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും.

നിശ്ചിയിച്ച സമയ പരിധിക്കുള്ളില്‍ ഖനനം പൂര്‍ത്തിയാക്കി കല്‍ക്കരി എടുക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. ഇന്ത്യയില്‍ ആവശ്യത്തിന് കല്‍ക്കരി നിക്ഷേപം ഉണ്ടെങ്കിലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.  ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണം കല്‍ക്കരി മേഖലയില്‍ നിന്ന് ഒഴിവാക്കുന്നത്. 

ഈ മേഖലയില്‍ 50,000 കോടി നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കല്‍ക്കരി ഖനനം ചെയ്തെടുക്കുമ്പോള്‍ അവ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള റെയില്‍ സംവിധാനം ഒരുക്കുന്നതുള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക. കല്‍ക്കരിയുമായി ബന്ധപ്പെട്ട മീഥെയ്ന്‍ വാതക ഖനനവും സര്‍ക്കാര്‍ ലേലം ചെയ്യും. 

50 ഖനി ബ്ലോക്കുകളാണ് ഉടന്‍ ലേലത്തിന് വെക്കുക. ബോക്‌സൈറ്റ്, കല്‍ക്കരി ഖനികള്‍ ഒരുമിച്ചാണ് ലേലം ചെയ്യുക. ഖനന ലൈസന്‍സുകള്‍ കൈമാറ്റം ചെയ്യാനും അനുമതി നല്‍കും. 

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായ മേഖലയാണ് കല്‍ക്കരി ഖനനം. വലിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന മേഖലയാണ് ഇത്. മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയൊരു നയപരമായ തീരുമാനമാണ് ഇത്.

content highlights: Rs 50,000 Crore To Create Infra For Transporting Coal