ചെന്നൈ: തമിഴ്‌നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി. 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടപ്പാടി മണ്ഡലത്തില്‍ തുടക്കം കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. അരി കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപവീതം ലഭിക്കുക. 

2021 ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കാനാണ് തുക നല്‍കുമെന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 2.6 കോടി അരി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കും. പൊങ്കല്‍ ഉത്സവത്തിന് മുമ്പ് തുക വിതരണം ചെയ്യും. 

ജനുവരി 14 നാണ് പൊങ്കല്‍. 1000 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയത്. 1500 രൂപകൂടി വര്‍ധിപ്പിച്ചാണ് ഇത്തവണ 2500 രൂപ നല്‍കുന്നത്. ഇതിനു പുറമെ ഒരു കിലോ അരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവയും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കും. 

Content Highlights: Rs 2500 Pongal gift to ration card holders - Tamil Nadu CM