ന്യൂഡല്‍ഹി: 45 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടിരൂപയുടേതെന്ന് കണക്കുകള്‍. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്. ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് വിലയിരുത്തല്‍.

 

കലാപത്തില്‍ ഏകദേശം 92 വീടുകളാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്‌കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവെച്ച് നശിപ്പിച്ചു. 

നിലവില്‍ വിവിധ അക്രമസംഭവങ്ങളിലായി 167 എഫ്‌ഐആറുകളാണ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമങ്ങളുടെ പേരില്‍ 885പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നിലവില്‍ കലാപബാധിതമായ പ്രദേശങ്ങളില്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സമാധാനം നിലനിര്‍ത്തുന്നതിനായി പോലീസ് ഫ്‌ളാഗ് മാര്‍ച്ചുകള്‍ ഉള്‍പ്പെടെ നടത്തുന്നുണ്ട്.

Content Highlights: Rs 25,000 crore loss estimated in Delhi riots