ഭോപ്പാല്‍: 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാവുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഷാജപുരില്‍ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ചൗഹാന്റെ പ്രസ്താവന. 

നോട്ട് അസാധുവാക്കലിന് മുമ്പ് 15 ലക്ഷം കോടിയുടെ കറന്‍സി നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം 16,50000 കോടിയായി ഇത് വര്‍ധിച്ചു. എന്നാല്‍ വിപണയില്‍ 2000 ത്തിന്റെ നോട്ടുകള്‍ കാണാതാവുകയാണ്. മധ്യപ്രദേശിലെ പണമില്ലാത്ത കിടക്കുന്ന എടിഎമ്മുകളെ ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

2000-ത്തിന്റെ നോട്ടുകള്‍ എവിടേക്കാണ് പോകുന്നത്, ആരാണ് ഇതൊക്കെ സൂക്ഷിച്ച് വെച്ച് പണത്തിന്റെ കുറവ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും.  വിഷയം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും ചൗഹാന്‍ പറഞ്ഞു.