ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കോവാക്‌സിന്‍ ഒരു ഡോസിന് 150 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നത് ദീര്‍ഘകാല അടിസ്ഥനത്തില്‍ സുസ്ഥിരമല്ലെന്ന് ഭാരത് ബയോടെക്. ഇതൊരു മത്സരാധിഷ്ഠിത വിലയാണ്. അതുകൊണ്ടാണ് തന്നെ ചെലവിന്റെ ഒരു ഭാഗം നികത്താന്‍ സ്വകാര്യ വിപണികളില്‍ കോവാക്‌സിന്‍ ഉയര്‍ന്ന വിലക്ക് നല്‍കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ സ്വകാര്യ മേഖയില്‍ മറ്റു കോവിഡ് വാക്‌സിനുകളേക്കാള്‍ കോവാക്‌സിന് ഉയര്‍ന്ന വിലയാണെന്ന ആരോപണത്തോടുള്ള പ്രതികരണമായിട്ടാണ് ഭാരത് ബയോടെകിന്റെ പ്രതികരണം.

കുറഞ്ഞ സംഭരണ അളവ്, ഉയര്‍ന്ന വിതരണച്ചെലവ്, ചില്ലറ മാര്‍ജിന്‍ തുടങ്ങിയ അടിസ്ഥാന ബിസിനസ്സ് കാരണങ്ങള്‍ വാക്സിന്റെ ഉയര്‍ന്ന വിലയ്ക്ക് കാരണമാകുമെന്ന് ഭാരത് ബയോടെക് പറഞ്ഞു.ഉത്പന്നം വികസിപ്പിച്ചെടുക്കല്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ഉല്‍പാദന സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കായി സ്വന്തം വിഭവങ്ങളില്‍ നിന്ന് 500 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ചരക്കുകളുടേയും അസംസ്‌കൃത വസ്തുക്കളുടേയും വിലയും വിതരണ ചെലവുമടക്കം പട്ടികപ്പെടുത്തി കൊണ്ട് ഈ ഘടകങ്ങള്‍ വാക്‌സിന്റെ വില നിര്‍ണ്ണയിക്കുമെന്നും ഭാരത് ബയോടെക് ചൂണ്ടിക്കാട്ടി.

കോവാക്‌സിന്‍ ഉല്‍പാദനത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ക്കായി വിതരണം ചെയ്തതെന്നും ബാക്കി ഭൂരിഭാഗവും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്‌തെന്നും ഭാരത് ബയോടെക് പറഞ്ഞു. ഉത്പാദന ശേഷിയുടെ 75 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് പോകുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 25 ശതമാനം മാത്രമേ വിതരണം ചെയ്യാന്‍ അനുമതിയുള്ളൂവെന്നും അവര്‍ പറഞ്ഞു.