മുംബൈ: ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന് (ബെസ്റ്റ്) ദിവസവും പിരിഞ്ഞുകിട്ടുന്നത് 1.4 കോടിയുടെ നാണയങ്ങളാണ്. എന്നാല്‍ ഇത് ഉപയോഗിക്കാനോ മാറ്റിയെടുക്കാനോ പറ്റാത്ത തലവേദനയിലാണിപ്പോള്‍ ബെസ്റ്റ്. നഗരത്തിലെ 13 ബാങ്കുകള്‍ക്ക് നിരന്തരം കത്തയച്ചിട്ടും പ്രതികരിക്കാതായതോടെ റിസര്‍വ് ബാങ്കിനെ സമീപിക്കാനിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈയിലെ പൊതുഗതാഗതം, വൈദ്യുതി എന്നീ സേവനങ്ങള്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബെസ്റ്റ്.

മിനിമം ചാര്‍ജുകള്‍ അഞ്ച് രൂപ, 10 രൂപ എന്നിങ്ങനെ ചുരുക്കിയപ്പോള്‍ 2018 ജൂലൈ മുതല്‍ ബെസ്റ്റില്‍ നാണയങ്ങളുടെ ഒഴുക്കാണ്. തങ്ങളുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനത്തിന്റെ 70 ശതമാനവും നാണയങ്ങളാണെന്ന് ബെസ്റ്റ് അധികൃതര്‍ അറിയിച്ചു. രണ്ട് കോടിയോളം രൂപവരെ വരും ഇത്. അധികവും ലഭിക്കുന്നത് അഞ്ച് രൂപയുടെ നാണയങ്ങളാണ്. ഇത് കൊണ്ടുനടക്കാനും വൈകുന്നേരം എണ്ണി തിട്ടപ്പെടുത്തി ബാങ്കില്‍ നിക്ഷേപിക്കാനും വളരെ പ്രയാസകരമാണെന്നും ജീവനക്കാര്‍ പറയുന്നു. 

എസ്ബിഐ അടക്കമുള്ള പ്രധാനപ്പെട്ട ബാങ്കുകളൊന്നും നാണയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ചില ബാങ്കുകള്‍ കുറച്ച് മാത്രം സ്വീകരിക്കും. 2018 മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിശ്ചിത തുക നാണയമായിട്ടാണ് നല്‍കുന്നത്. നാണയത്തിന്റെ ഒഴുക്ക് കൂടിയതോടെ ബെസ്റ്റ് പൊതുജനങ്ങള്‍ക്കായി വെന്‍ഡിങ് മെഷീനുകളും മറ്റും സ്ഥാപിച്ചു തുടങ്ങിയിട്ടുമുണ്ട്.

Content Highligts: Rs 1.4 cr in coins daily, cash-strapped BEST has a change problem