ഭുവനേശ്വര്‍: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ഒഡിഷ പോലീസിന് ഈടാക്കിയ പിഴ 1.25 കോടി രൂപ. ഒഡിഷ ഡിജിപി അഭയ് വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. 

മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കോവിഡ് പശ്ചാത്തലത്തില്‍ പോലീസ് നടപ്പാക്കിയ നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി വ്യക്തമാക്കിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 11.47 ലക്ഷം രൂപയാണ് പോലീസിന് പിഴ ലഭിച്ചത്. രാത്രി കര്‍ഫ്യൂ ലംഘനത്തിന് 1.03 ലക്ഷം രൂപയും.

ലോക്ക്ഡൗണ്‍ കാലയളവില്‍ 9025 ഗാര്‍ഹിക പീഡന പരാതികള്‍ പോലീസിന് ലഭിച്ചു. ഇതില്‍ 53 ഗാര്‍ഹിക പീഡന കേസുകള്‍ നടന്നതായി കണ്ടെത്തി. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കിയതിന് മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയതതിനെ തുടര്‍ന്ന് 'സീറോ വാക്കിങ് ഇന്‍സൈഡ് ഒഡിഷ' എന്നൊരു നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരുന്നു. ഈ നിര്‍ദേശവും പോലീസ് കൃത്യമായി നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. 

'ലോക്ക്ഡൗണ്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാനും കഠിനാധ്വാനം ചെയ്ത പോലീസ് സേനയെ ഞാന്‍ അഭിനന്ദിക്കുന്നു', പട്‌നായിക്ക് പറഞ്ഞു. 

Content Highlights: Rs 1.25-crore fine collected for not wearing masks in Odisha