കിരൺ റിജിജു പങ്കുവെച്ച ചിത്രം | Photo: https://twitter.com/KirenRijiju
ന്യൂഡല്‍ഹി: കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു അരുണാചല്‍ പ്രദേശില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തതിനെ ചൊല്ലി വിമര്‍ശനം. നിലവിലെ സാഹചര്യത്തില്‍ ഫോട്ടോ തെറ്റിദ്ധാരണാജനകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും എന്നാല്‍ ഇന്ത്യ ഭീഷണിയെ അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി കിരണ്‍ റിജിജു ചെയ്ത ട്വീറ്റും ഫോട്ടോയുമാണ് വിവാദത്തിന് വഴിവെച്ചത്. റിജിജു പങ്കുവെച്ച ചിത്രം പഴയതാണെന്നും ഇപ്പോഴത്തേതെന്ന് തോന്നിപ്പിക്കും വിധത്തിലാണ് ട്വീറ്റ് എന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ചൂണ്ടിക്കാണിച്ചു.
രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ഹാനിവരുത്തുക കൂടിയാണ്. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല പ്രശ്‌നം, രാജ്യത്തിന് വലിയ ശല്യമായിത്തീര്‍ന്നിരിക്കുകയാണ്. നമ്മുടെ സായുധസേനയില്‍ നമുക്ക് അഭിമാനമാണ്, എന്നായിരുന്നു കിരണ്‍ റിജിജുവിന്റെ ട്വീറ്റ്. ഈ ട്വീറ്റിനൊപ്പം അദ്ദേഹം അരുണാചല്‍ പ്രദേശില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും കുറിപ്പും ചേര്‍ത്തിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ ധീരജവാന്മാരെ വിന്യസിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്റ്റ്‌സി മേഖല പൂര്‍ണസുരക്ഷിതമാണ് എന്നായിരുന്നു കുറിപ്പ്. ഇതിനൊപ്പം നല്‍കിയ ചിത്രമാണ് വിമര്‍ശനത്തിന് വഴിവെച്ചത്.
എന്നാല്‍ സൈനികര്‍ക്കൊപ്പമുള്ള റിജിജുവിന്റെ ഈ ചിത്രം മൂന്നുവര്‍ഷം മുന്‍പത്തേതാണെന്നു ജയ്‌റാം രമേശ് വിമര്‍ശിച്ചു. 2019 ഒക്ടോബര്‍ 29-ന് കിരണ്‍ റിജിജുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍, ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തോട് ഏറെ സാമ്യമുള്ള ചിത്രം കാണാം. ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ജയ്‌റാം രമേശിന്റെ വിമര്‍ശനം.
അതേസമയം കിരണ്‍ റിജിജുവിന്റെ ഫോട്ടോയും ട്വീറ്റും തെറ്റിദ്ധാരണാജനകമല്ലെന്ന് വാദിക്കുന്നവരുമുണ്ട്. പങ്കുവെച്ച ഫോട്ടോ ഇപ്പോഴത്തേത് ആണെന്ന് മന്ത്രി അവകാശപ്പെട്ടിട്ടില്ല എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഇപ്പോഴത്തേത് എന്ന് കരുതിയേക്കാവുന്ന ഈ ഫോട്ടോ മന്ത്രി എന്തിനാണ് പങ്കുവെച്ചതെന്ന് പ്രതിപക്ഷവും ഫാക്ട് ചെക്കര്‍മാരും ആരായുന്നുമുണ്ട്.
Content Highlights: row over photo tweeted by union minister kiran rijiju
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..