മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്ക്‌റെ, ഗവർണർ ഭഗത് സിംഗ് കോഷിയാരി.. Image|ANI
മുംബൈ : മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ ഉദ്ധവ് സര്‍ക്കാര്‍. പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബൈ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ ഒടുവില്‍ മറ്റൊരു സ്വകാര്യ വിമാനത്തിലാണ് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് യാത്രതിരിച്ചത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ സര്‍ക്കാരിന്റെ പ്രത്യേക വി.ഐ.പി വിമാനത്തില്‍ ദേഹ്‌റാദൂണിലേക്ക് യാത്ര പുറപ്പെടാനാണ് ഗവര്‍ണര്‍ തീരുമാനിച്ചത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. യാത്രയ്ക്കായി വിമാനത്തില്‍ കയറിയ ഗവര്‍ണര്‍ അവസാന നിമിഷവും സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതോടെ തിരിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ വിമാനത്തിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷവും അനുമതി ലഭിച്ചില്ല. സാധാരണയായി ഗവര്‍ണര്‍മാര്‍ അനുമതിക്കായി കാത്തിരിക്കാറില്ല. വിമാനത്തില്‍ കയറിയ ശേഷം ഇതുവരെ യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞുവെന്നും ഗവര്‍ണറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ അനുമതിക്കായി രണ്ട് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ 12.15ഓടെയാണ് ഗവര്‍ണറുടെ ഓഫീസ് സജ്ജമാക്കിയ സ്വകാര്യ വിമാനത്തില്‍ ദേഹ്‌റാദൂണിലേക്ക് പോയത്.
സര്‍ക്കാര്‍ നടപടി ഗവര്‍ണറെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ബോധപൂര്‍വമാണ് അനുമതി നിഷേധിച്ചതെങ്കില്‍ സംഭവം സംസ്ഥാന സര്‍ക്കാരിന്റെ പ്രശസ്തിക്ക് കളങ്കമാണ്. നടപടി ബോധപൂര്‍വമല്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ സുധീര്‍ മുങ്കന്തിവാര്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് ഉദ്ധവ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 12 പേരുടെ പട്ടിക ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ആരോപണം ശിവസേന നേതാവ് സജ്ഞയ് റൗത്ത് നിഷേധിച്ചു. പ്രതികാര രാഷ്ട്രീയം ഞങ്ങള്‍ക്കില്ലെന്നും കൗണ്‍സിലിലേക്ക് നിര്‍ദേശിച്ച 12 പേരുടെ പട്ടികയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഗവര്‍ണറുടെ വിമാനയാത്ര തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: Row After Maharashtra Governor Refused State Plane, Waits 2 Hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..