ലക്‌നൗ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയുമായി യാത്ര തിരിച്ച ശ്രമിക് തീവണ്ടിക്ക് വഴിതെറ്റി. മഹാരാഷ്ട്രയിലെ വസായ് റോഡില്‍നിന്നു ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ് വഴിതെറ്റി ഒഡീഷയിലെ റൂര്‍ക്കലയിലേക്ക് എത്തിയത്. റൂട്ടില്‍ തിരക്ക് കൂടിയത് കാരണം തീവണ്ടി വഴിതിരിച്ച് വിട്ടതാണെന്നാണ് പടിഞ്ഞാറന്‍ റെയില്‍വേയുടെ വിശദീകരണം.
മഹാരാഷ്ട്രയില്‍നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് തീവണ്ടി 30 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് വഴി തെറ്റി ഒഡീഷയിലെ റൂര്‍ക്കലയിലേക്കെത്തിയത്. യാത്രക്കാര്‍ പോലും തീവണ്ടി റൂര്‍ക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.
അതേസമയം, യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഉംപുന്‍ ദുരന്തത്തെ തുടര്‍ന്ന് ബംഗാളിലേക്ക് ഈ മാസം 26 വരെ ശ്രമിക് തീവണ്ടി വേണ്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി റെയില്‍വേയോട് ആവശ്യപ്പെട്ടു.
content highlights: train route changed, shramik train, train to utterpradesh reached to odisha station