മുംബൈ: ഫോൺ വിവരങ്ങൾ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയത് ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിനു തുല്യമാണെന്ന് ശിവസേന എം.പി. സഞ്ജയ് റാവുത്ത്. പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ആരാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ 'സാംമ്‌ന'യിലെ 'രോഖ്‌തോക്' എന്ന തന്റെ കോളത്തിലാണ് റാവുത്തിന്റെ പ്രസ്താവന.

ആധുനിക സാങ്കേതിക വിദ്യ നമ്മെ അടിമത്തവ്യവസ്ഥയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പെഗാസസ് ഫോണ്‍ചോര്‍ത്തലും ജപ്പാൻ നഗരമായ ഹിരോഷിമയിലെ ബോംബ് സ്‌ഫോടനവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഹിരോഷിമയില്‍ ആളുകള്‍ക്കു ജീവൻ നഷ്ടപ്പെട്ടപ്പോൾ ഫോണ്‍ ചോര്‍ത്തലില്‍ 'സ്വാതന്ത്ര്യ'മാണ് കൊല്ലപ്പട്ടത്.

രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തപ്പെടുന്നതായി ഭയപ്പെടുന്നു. എന്തിന് നിയമസംവിധാനവും മാധ്യമസ്ഥാപനങ്ങളും സമാനമായ സമ്മര്‍ദമാണ് അനുഭവിക്കുന്നത്. ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ആരാണ് പണം നല്‍കുന്നതെന്ന് സാംമ്‌നയുടെ എക്‌സിക്യുട്ടിവ് എഡിറ്റര്‍ കൂടിയായ റാവുത്ത് ചോദിച്ചു. 

ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ. വര്‍ഷം 60 കോടിരൂപയാണ് പെഗാസസ് സോഫ്റ്റ് വെയറിനുവേണ്ടി ലൈസന്‍സ് ഫീസായി ഈടാക്കുന്നതെന്ന് മാധ്യമറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു ലൈസന്‍സ് ഉപയോഗിച്ച് അമ്പത് ഫോണുകളാണ് ചോര്‍ത്താന്‍ കഴിയുക. അപ്പോള്‍ 300 പേരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ആറോ ഏഴോ ലൈസന്‍സുകള്‍ ആവശ്യമായി വരും. 

'എത്രയധികം പണമാണ് ഇതിനാവശ്യമുള്ളത്? ആരാണ് ഇത് നല്‍കുന്നത്? സര്‍ക്കാരുകള്‍ക്കുമാത്രമാണ് സോഫ്റ്റ് വെയര്‍ നല്‍കുന്നതെന്ന് എന്‍.എസ്.ഒ. വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയെങ്കില്‍ ഇന്ത്യയിലെ ഏത് സര്‍ക്കാരാണ് ഈ സ്‌പൈവെയറുകള്‍ വാങ്ങിയത്. ഇന്ത്യയിലെ 300 പേരെ വാങ്ങുന്നതിന് 300 കോടി രൂപ ചെലവാക്കിയിട്ടുണ്ടാകും. ഫോണ്‍ ചോര്‍ത്തലിനു ഇത്രയധികം തുക ചെലവഴക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തിനുണ്ടോ?'-റാവുത്ത് ചോദിച്ചു. 

ലോകത്തിലെ 45 രാജ്യങ്ങള്‍ പെഗാസസ് വാങ്ങുന്നുണ്ടെന്നു പറഞ്ഞാണ് മുന്‍കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിച്ചത്. രണ്ടുകേന്ദ്രമന്ത്രിമാരുള്‍പ്പടെ 300 പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ കൂട്ടായ്മ വെളിപ്പെടുത്തിയത്.

Content Highlights: Rout asked who funded Pegasus snooping compares it with Hiroshima bombing