ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന് നലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിന് ശേഷം നടന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ പ്രതിനിധികള്‍, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് പങ്കെടുത്തത്.
കാര്‍ഷിക സംഘടനകളുമായുള്ള ഇന്നത്തെ ചര്‍ച്ച അന്തിമമായിരുന്നില്ലെന്നും അടുത്തവട്ട ചര്‍ച്ച ജനുവരി 19ന് നടക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പുള്ള അവസ്ഥയില്‍ സമരം ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന തങ്ങളുടെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച നാലംഗ സമതിയുമായി സഹകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരുമായി മാത്രമേ സംസാരിക്കുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുമായി എട്ട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രീം കോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ അംഗമായിരിക്കാന്‍ താല്‍പര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപിന്ദര്‍ സിങ് മാന്‍ വ്യക്തമാക്കി. സമതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടേയും നിലപാട്.
Content Highlights: Round 9 Of Centre-Farmers Talks End, Stalemate Continues