ഹൈദരാബാദ്: വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ രോഹിത് വെമുല സ്മാരകം പൊളിച്ചുകളയാന്‍ അധികൃതര്‍ തീരുമാനിച്ചു. രോഹിതിന്റെ സ്മാരക സ്തൂപം നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് വൈസ്ചാന്‍സലര്‍ അപ്പാറാവുവിന്റെ അധ്യക്ഷതയില്‍ കൂടിയ സര്‍വ്വകലാശാല ഡീനുകളുടെ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ഇതേതുടര്‍ന്ന് രോഹിതിന്റെ സ്മാരകം സ്തൂപം പൊളിച്ചുകളയാന്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഉത്തരവിട്ടു.

സര്‍വ്വകലാശാല തീരുമാനത്തിനെതിരെ ശക്തമായി പ്രതിരോധിക്കാനാണ് രോഹിത് അംഗമായിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ തീരുമാനം. രോഹിത് വെമുല സമരം ചെയ്ത സ്ഥലത്താണ് സ്മാരകം നിര്‍മ്മിച്ചിരുന്നത്. സിമന്റ് കൊണ്ട് നിര്‍മ്മിച്ചിരുന്ന സ്തൂപത്തില്‍ രോഹിതിന്റെ അര്‍ധകായ പ്രതിമയും സ്ഥാപിച്ചിരുന്നു. ഇത് പൊളിച്ചുകളയാനുള്ള തീരുമാനം സര്‍വ്വകലാശാല നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകുമെന്നാണ് വിദ്യാര്‍ഥികള്‍ നല്‍കുന്ന സൂചന.