രോഹിണി സിന്ദൂരി, ഡി.രൂപ
ബെംഗളൂരു: പരസ്യ വാക്‌പോരിന് പിന്നാലെ ഡി.രൂപ ഐ.പി.എസിനെതിരേ മാനനഷ്ടത്തിന് നോട്ടീസയച്ച് രോഹിണി സിന്ദൂരി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും അതിനാല്‍ നിരുപാധികം മാപ്പ് പറയണമെന്നും മാനനഷ്ടത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രോഹിണി സിന്ദൂരി നോട്ടീസയച്ചത്.
സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്നാണ് രോഹിണി സിന്ദൂരിയുടെ ആവശ്യം. രൂപയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യണമെന്നും മാധ്യമങ്ങളുമായി പങ്കുവെയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രൂപ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തനിക്കെതിരായ മറ്റു പോസ്റ്റുകളും ഡിലീറ്റ് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു.
രോഹിണി സിന്ദൂരിക്കെതിരേ അഴിമതി ഉള്‍പ്പെടെയുള്ള 19-ഓളം ആരോപണങ്ങളുമായാണ് രൂപ ഐ.പി.എസ്. ആദ്യം ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്. പിന്നാലെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതെന്ന് അവകാശപ്പെട്ട് രോഹിണിയുടെ ചില സ്വകാര്യചിത്രങ്ങളും രൂപ പുറത്തുവിട്ടിരുന്നു.
ഐ.പി.എസ്-ഐ.എ.എസ് വാക്‌പോര് അതിരുവിട്ടതോടെയാണ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. നടപടിയുടെ ഭാഗമായി കര്‍ണാടക ദേവസ്വം കമ്മിഷണറായിരുന്ന രോഹിണി സിന്ദൂരിയെയും കരകൗശല വികസനകോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡി. രൂപയെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റുകയും ചെയ്തു. ഇരുവര്‍ക്കും പുതിയ നിയമനവും നല്‍കിയിരുന്നില്ല.
അതിനിടെ, കഴിഞ്ഞദിവസം രൂപയുടെ ഫോണ്‍സംഭാഷണം പുറത്തുവന്നത് ഐ.എ.എസ്-ഐ.പി.എസ്. പോരിന് ആക്കംകൂട്ടിയിട്ടുണ്ട്. രോഹിണിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുന്നയിച്ച് രൂപ മൈസൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍. ഗംഗരാജുവിനോട് സംസാരിക്കുന്നതിന്റെ ഭാഗമാണ് പുറത്തായത്.
ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെ സ്ഥലംമാറ്റാന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നുവെന്ന് രൂപ പറയുന്നത് ശബ്ദസന്ദേശത്തിലുണ്ട്. രോഹിണിയുടെ കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ ഓഫീസില്‍നിന്ന് സഹായം ലഭിച്ചതിനാലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ ഭര്‍ത്താവ് ജോലിചെയ്യുന്ന ലാന്‍ഡ് റെക്കോഡ്‌സ് ഓഫീസില്‍നിന്ന് രോഹിണി ശേഖരിച്ചെന്ന് രൂപ പറയുന്നു. ഈ കാര്യത്തിനു വേണ്ടി ഗംഗരാജു സഹകരിച്ച് പണമുണ്ടാക്കിയെന്നും രൂപ പറയുന്നുണ്ട്. രോഹിണി കാരണം തന്റെ കുടുംബം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും 25 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ രൂപ പറയുന്നു.
Content Highlights: rohini sindhuri send legal notice against d roopa ips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..