രോഹിണി സിന്ദൂരി, ഡി.രൂപ
ബെംഗളൂരു: കര്‍ണാടകത്തിലെ വനിതാ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പരസ്യ വാക്‌പോരില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി. രൂപയെയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയെയും സ്ഥലംമാറ്റി. രോഹിണി സിന്ദൂരി ദേവസ്വം കമ്മിഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു. രണ്ടുപേരെയും നിലവിലെ സ്ഥാനങ്ങളില്‍നിന്ന് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം, പുതിയ ചുമതലകളൊന്നും നല്‍കിയിട്ടില്ല.
ഡി.രൂപയുടെ ഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ മുനീഷ് മൗദ്ഗിലിനെതിരേയും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് മുനീഷിനെ നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലുദിവസമായി തുടരുന്ന ഡി.രൂപയും രോഹിണി സിന്ദൂരിയും തമ്മിലുള്ള വാക്‌പോര് വന്‍വിവാദമായതോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞദിവസം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മേ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥലംമാറ്റിയുള്ള ഉത്തരവും പുറത്തുവന്നത്.
രോഹിണി സിന്ദൂരി ജെ.ഡി.എസ്. എം.എല്‍.എ. സാരാ മഹേഷുമൊന്നിച്ച് റെസ്റ്റോറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് രൂപ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണങ്ങളുന്നയിച്ചു തുടങ്ങിയത്. 2021-ല്‍ രോഹിണി മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് അഴിമതിയെ ചൊല്ലി എം.എല്‍.എ.യുമായി പലതവണ വാക്കേറ്റമുണ്ടായിരുന്നു. കനാല്‍ കയ്യേറി എം.എല്‍.എ. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെന്ന് കാണിച്ച് രോഹിണി എം.എല്‍.എ.ക്കെതിരേ റിപ്പോര്‍ട്ടും നല്‍കി. ഇതിനെതിരേ എം.എല്‍.എ. രോഹിണിക്കെതിരേ അപകീര്‍ത്തി കേസും ഫയല്‍ചെയ്തിരുന്നു.
ചിത്രം വന്നതോടെ രോഹിണിയും എം.എല്‍.എ.യും തമ്മില്‍ അനുരഞ്ജനത്തിലെത്തിയോയെന്ന് ആരാഞ്ഞും രാഷ്ട്രീയക്കാരനുമായി ഉദ്യോഗസ്ഥ കൂടിക്കാഴ്ച നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയുമാണ് രൂപ രംഗത്തെത്തിയത്. രോഹിണിക്കെിരേ അഴിമതി ഉള്‍പ്പെടെയുള്ള ഇരുപതോളം ആരോപണങ്ങളും ഉന്നയിച്ചു. ഇതിനുപിന്നാലെയാണ് രോഹിണിയുടെ ചില സ്വകാര്യചിത്രങ്ങളും രൂപ പുറത്തുവിട്ടത്. രോഹിണി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കിയെന്നും അവയെല്ലാം പിന്നീട് ഡിലീറ്റ് ചെയ്‌തെന്നും ആരോപിച്ച് മറ്റൊരു സ്‌ക്രീന്‍ഷോട്ടും രൂപ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
Also Read
രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് അവര്‍ പെരുമാറുന്നതെന്നുമായിരുന്നു രോഹിണി സിന്ദൂരിയുടെ പ്രതികരണം. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്‌ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയാണെന്നും രൂപയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി പറഞ്ഞിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരിന് പിന്നാലെ രണ്ടുപേരും പരാതി നല്‍കിയിട്ടുണ്ട്. രോഹണിക്കെതിരെ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് രൂപ കഴിഞ്ഞദിവസം പുറത്തുവിടുകയും ചെയ്തിരുന്നു.
Content Highlights: rohini sindhuri and d roopa ips transferred
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..