ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി താന്‍ എപ്പോഴും ഉപയോഗിക്കപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയുടെ ഫേസ്ബുക്ക് പോസറ്റ്. തെളിവുകളില്ലാതെ സര്‍ക്കാറിന് തനിക്കെതിരെ ഒന്നും ചെയ്യാനാകില്ല എന്നും. തെളിയിക്കാനായി യാതൊന്നുമില്ലെന്നും വാദ്ര പോസ്റ്റില്‍ പറയുന്നു.

താനെന്നും രാഷ്ട്രിയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുകയാണ്. എന്നാല്‍ എല്ലാത്തവണത്തേയും പോലെ ഇത്തവണയും തനിക്കെതിരെ ഉയര്‍ന്ന അനാവശ്യ ധാരണകളെ കീഴടക്കി സത്യത്തിനൊപ്പം തലയുയര്‍ത്തി തന്നെ നടക്കുമെന്നും വാദ്ര പറയുന്നു.

ഹരിയാണയിലെ അനധികൃത ഭൂമി ഇടപാട് കേസില്‍ അന്വേഷണം നേരിടുകയാണ് വാദ്ര. വാദ്രക്കെതിരെയുള്ള അന്വേഷണങ്ങള്‍ എസ്.എന്‍ ദിംഗ്‌ര കമ്മിഷന്‍ പൂര്‍ത്തീകരിച്ചു എന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായ വാദ്ര രംഗത്തു വന്നിരിക്കുന്നത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വാദ്രയോട് കമ്മിഷനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നില്ല.

2014ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വാദ്രയുടെ ഭൂമി ഇടപാട് ബി.ജെ.പിയുടെ പ്രധാന പ്രചരണായുധമായിരുന്നു. ഇതെ തുടര്‍ന്നാണ് ഹരിയാണാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വാദ്രക്കെതിരെയുള്ള  അന്വേഷണത്തിനായി 2015 മെയ് മാസത്തില്‍ ദിംഗ്‌ര കമ്മിഷനെ നിയമിച്ചത്.