ന്യൂഡല്‍ഹി: വന്‍കുടലില്‍ മുഴയുള്ളതായി കണ്ടെത്തിയതിനാല്‍ തുടര്‍ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി തേടി റോബര്‍ട്ട് വദ്രയുടെ അപേക്ഷ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണം നേരിടുന്ന വദ്ര കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലാണ് തന്റെ രോഗാവസ്ഥ വ്യക്തമാക്കിയത്. വന്‍കുടലില്‍ മുഴയുണ്ടെന്നും വിദഗ്ദ ചികിത്സക്കായി ലണ്ടനില്‍ പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വദ്ര കോടതിയില്‍ അപേക്ഷ നല്‍കിയത്. 

കേസിന്റെ ഭാഗമായി പിടിച്ചുവച്ച പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും എന്നാലേ ചികിത്സയ്ക്കായി ലണ്ടനില്‍ പോകാനാകൂവെന്നുമാണ് വദ്രയുടെ അപേക്ഷയില്‍ പറയുന്നത്. വദ്രയുടെ അപേക്ഷയില്‍ ഡല്‍ഹി കോടതി ജൂണ്‍ മൂന്നിന് തീരുമാനമെടുക്കും. 

ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് വദ്രയുടെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നും ഇത് അന്വേഷണത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, വദ്രയുടെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

മെയ് 13-ന് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് വദ്രയുടെ അഭിഭാഷകന്‍ ഹാജരാക്കിയതെന്നും ഇത്രയും ഗുരുതരമായ രോഗമാണെങ്കില്‍ എന്തുകൊണ്ട് നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. 

Content Highlights: Robert Vadra tells court he has tumour in intestine, needs to fly to London