ന്യൂഡല്‍ഹി: അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആവശ്യപ്പെട്ടു. 

വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഹാജരാകാനാണ് വദ്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ പതിനേഴുകോടിയോളം രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിനിനാണ് വദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

വിചാരണക്കോടതി അനുവദിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് വദ്ര ഇപ്പോഴുള്ളത്. എന്നാല്‍ ഈ മുന്‍കൂര്‍ ജാമ്യം  റദ്ദാക്കണമെന്ന  ആവശ്യവുമായി ഇ ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍  ജൂലായ് 17നു മുമ്പ് മറുപടി സമര്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി തിങ്കളാഴ്ച വദ്രയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് ഒമ്പതാമത്തെ തവണയാണ് വദ്രയെ ചോദ്യം ചെയ്യലിന് ഇ ഡി വിളിപ്പിക്കുന്നത്. 

content highlights: robert vadra summoned by enforcement directorate