ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വദ്രയുടെ ആശംസ. 'പി' എന്നാണ് കുറിപ്പില്‍ പ്രിയങ്കയെ വദ്ര അഭിസംബോധന ചെയ്തിരിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനും പ്രിയങ്കയ്ക്ക് ശുഭാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വദ്ര കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. തന്റെ ഉറ്റസുഹൃത്താണ് പ്രിയങ്കയെന്നും അവര്‍ ഉത്തമഭാര്യയും തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയുമാണെന്നും വദ്ര പറയുന്നു.

പ്രതികാരവും ദുഷിപ്പും കലര്‍ന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ എനിക്കറിയാം, ജനങ്ങളെ സേവിക്കുക എന്നത് അവളുടെ കര്‍ത്തവ്യമാണെന്ന്- വദ്ര കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ ജനങ്ങള്‍ക്ക് പ്രിയങ്കയെ കൈമാറിയിരിക്കുകയാണെന്നും അവള്‍ക്കൊന്നും വരാതെ നിങ്ങള്‍ നോക്കണമെന്നും വദ്ര കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു. വാഹനത്തില്‍ പ്രിയങ്കാ വദ്രയ്‌ക്കൊപ്പമായിരുന്നു ചോദ്യം ചെയ്യലിനായി ആദ്യദിവസം വദ്ര എത്തിയത്. മൂന്നുദിവസം തുടര്‍ച്ചയായാണ് വദ്രയെ ഇ ഡി ചോദ്യം ചെയ്തത്.

ശേഷം തിങ്കളാഴ്ച, ന്യൂഡല്‍ഹിയിലെ വസതിക്കു മുന്നില്‍ വദ്രയുടെ പ്രതികരണം ആരാഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തിയിരുന്നു. എന്നാല്‍ അവരോട് പ്രതികരിക്കാന്‍ നില്‍ക്കാതെ ബൈക്ക് ഓടിച്ച് വദ്ര പോകുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. സുസുക്കി ഇന്‍ട്രൂഡര്‍ എം ഐ 800 ആര്‍ ഓടിച്ചാണ് വദ്ര എത്തിയത്‌.

content highlights: robert vadra facebook post priyanka gandhi