ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തത് നാലു മണിക്കൂര്‍. ചോദ്യംചെയ്യലില്‍ വാദ്ര തന്റെ മേലുള്ള ആരോപണങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. 

സൗത്ത് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാനെത്തിയ വാദ്രയെ പ്രിയങ്ക ഗാന്ധിയും അനുഗമിച്ചിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിനൊപ്പം എത്തിയത് തന്റെ നിലപാട് സംബന്ധിച്ച വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ആഢംബര ഫ്‌ളാറ്റുകള്‍, വില്ലകള്‍ എന്നിവടയടക്കം ലണ്ടനിലെ ഒമ്പത് വസ്തുവകകള്‍ ഹവാല ഇടപാടിലൂടെ സമ്പാദിച്ചെന്നാണ് വാദ്ര നേരിടുന്ന ആരോപണം. അനധികൃതമായി വസ്തുവകകള്‍ സമ്പാദിച്ചതായ ആരോപണങ്ങള്‍ വാദ്ര നിഷേധിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് ആറോറയുമായി വാദ്രയ്ക്കുള്ള ബന്ധം സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെയാണ് വാദ്ര ചോദ്യംചെയ്യലിന് ഹാജരായത്. ഹവാലാ കേസില്‍ വാദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെ വാദ്രക്കൊപ്പം പ്രിയങ്കയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത് ശ്രദ്ധേയമായിരുന്നു. 

കേസില്‍ നേരത്തെ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായത്.

Content Highlights: Robert Vadra Denies Owning London Properties; Priyanka says ‘I stand by him’