ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണത്തെപ്പറ്റി അന്വേഷണം നടത്തുക എളുപ്പമല്ലെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍.

വദ്രയ്ക്കുവേണ്ടി ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വിമാന ടിക്കറ്റുകള്‍ വാങ്ങിയെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. വദ്രയും ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, വദ്രയ്ക്കുവേണ്ടി വിമാന ടിക്കറ്റുകള്‍ പണം നല്‍കിയാണ് വാങ്ങിയതെന്നും അതിനാല്‍ അതിന് പിന്നില്‍ ഭണ്ഡാരിക്ക് ബന്ധമുള്ളതായി തെളിയിക്കാന്‍ പ്രയാസമാണെന്നും ഐ.ടി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആയുധ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന സഞ്ജയ് ഭണ്ഡാരി നേരത്തെതന്നെ രാജ്യം വിട്ടിരുന്നു.  ആദായനികുതി വകുപ്പിനെ സംബന്ധിച്ച് ടിക്കറ്റ് വാങ്ങാന്‍ ഉപയോഗിച്ച 8 -10 ലക്ഷം രൂപ വളരെ ചെറിയ തുകയാണെന്നതിനാല്‍ ചോദ്യം ചെയ്യുന്നതിനായി വദ്രയെ വിളിപ്പിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ ട്രാവല്‍ ഏജന്‍സിയാണ് ടിക്കറ്റുകള്‍ ബുക്കുചെയ്തതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ഉറച്ച നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. വദ്ര പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ആരോപണത്തിന് മറുപടി നല്‍കേണ്ട ബാധ്യതയില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. റോബര്‍ വദ്രയ്‌ക്കെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളെല്ലാം വദ്ര നേരത്തെതന്നെ നിഷേധിച്ചിരുന്നു.

കടപ്പാട്- Indian Express