കൊല്‍ക്കത്ത: ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തോടെ മാസങ്ങള്‍ക്ക് മുമ്പ് നന്ദിഗ്രാമില്‍ നേരിട്ട പരാജയത്തിന് ചുട്ടമറുപടി നല്‍കിയിരിക്കുന്നു മമത. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാടകീയമായാണ് മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരി നന്ദിഗ്രാം നിയോജകമണ്ഡലത്തില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. ഇടതു ഭരണകാലത്ത് സി.പി.എമ്മിന് വേരോട്ടമുള്ള പ്രദേശമായിരുന്നു നന്ദിഗ്രാം. 2007 മുതല്‍ നടന്ന കര്‍ഷകപ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇടതുപാര്‍ട്ടികള്‍ക്ക് ക്ഷീണമായി. 2011-ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വിജയത്തിനു പ്രധാനമായും കാരണമായത് നന്ദിഗ്രാം പ്രക്ഷോഭങ്ങളാണ്. എന്നാല്‍ മമതയ്‌ക്കൊപ്പം നിന്ന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി പോരാട്ടം നടത്തി അവിടെനിന്ന് വിജയിച്ച സുവേന്ദുവിന്റെ അധികാരി പിന്നീട് നന്ദിഗ്രാമിലുള്ള സ്വാധീനം വര്‍ധിപ്പിച്ചു. 

mamata banerjee suvendu adhikari
മമത ബാനർജിയും സുവേന്ദു അധികാരിയും (ഫയല്‍ ചിത്രം)

കഴിഞ്ഞ ഡിസംബറില്‍ നാടകീയമായി ബിജെപിയിലെത്തിയ സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസിലെ പല നേതാക്കളെയും ബിജെപിയിലേക്ക് എത്തിച്ചു. ഇതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുവേന്ദുവിനെതിരെ നേരിട്ട് പോരാടി വിജയിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ഭാവാനിപുര്‍ മണ്ഡലം ഉപേക്ഷിച്ചായിരുന്നു അവര്‍ നന്ദിഗ്രാമില്‍ പോരാട്ടത്തിന് ഇറങ്ങിയത്. നന്ദിഗ്രാം ഒരിക്കലും തന്നെ ഉപേക്ഷിക്കില്ലെന്ന് അവര്‍ പ്രചാരണത്തിനിടെ ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവരുടെ മുന്‍ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഇപ്പോള്‍ ബിജെപി നേതാവുമായ സുവേന്ദു അധികാരിയക്കെതിരെ തോല്‍വിയായിരുന്നു നന്ദിഗ്രാം മമതയ്ക്കായി കരുതിവെച്ചിരുന്നത്. സുവേന്ദുവിന്റെ തട്ടകത്തില്‍ മികച്ച മത്സരം കാഴ്ചവെച്ച മമത 1956 വോട്ടുകള്‍ക്കാണ് അന്ന് തോറ്റത്.

Nandigram

തോല്‍വി നേരിട്ടെങ്കിലും മമത തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. ഒരു സംസ്ഥാന നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമല്ലാത്ത ഒരാള്‍ക്ക് ആറുമാസം മാത്രം തിരഞ്ഞെടുക്കപ്പെടാതെ മന്ത്രിസ്ഥാനത്ത് തുടരാന്‍ ഭരണഘടന അനുവദിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ തന്നെ തുടരാന്‍ മമതയ്ക്ക് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത് അഭിമാനപ്രശ്നമായി മാറി. അങ്ങനെ അവര്‍ സ്വന്തം മണ്ഡലമായ ഭവാനിപുരിലേക്ക് മത്സരിക്കാനെത്തുകയായിരുന്നു. നിയമസഭയിലേയ്ക്കുള്ള വഴിതെളിക്കാനായി സൊവന്‍ദേബ് ചാറ്റര്‍ജി ഭവാനിപുര്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,719 വോട്ടിനാണ് സൊവന്‍ദേവ് ബി.ജെ.പി.യുടെ രുദ്രനീല്‍ ഘോഷിനെ പരാജയപ്പെടുത്തിയത്. 

Mamata Banerjee

2011ല്‍ ആദ്യമായി മുഖ്യമന്ത്രിയായ മമത ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപുരില്‍ നിന്ന് 54213 വോട്ടിന്റെ കൂറ്റന്‍ ലീഡില്‍ വിജയിച്ചാണ് നിയമസഭയിലെത്തിയത്. അന്ന് സി.പി.എമ്മായിരുന്നു മുഖ്യ എതിരാളി. എന്നാല്‍ ഇത്തവണ പ്രിയങ്ക തിബ്രേവാളിനെയാണ് മമതയ്ക്ക് എതിരാളിയായി ബിജെപി രംഗത്തിറക്കിയത്. മമതയെ പരാജയപ്പെടുത്തി മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് താഴെയിറക്കുക എന്നത് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനായി മികച്ച പ്രചാരണമാണ് അവര്‍ മണ്ഡലത്തില്‍ നടത്തിയത് ബിജെപിക്കെതിരേ മത്സരിക്കുന്ന മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയില്ല ശ്രദ്ധേയമാണ്. 

ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി.  നവംബര്‍ അഞ്ചിനകം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമായിരുന്നു. ഇതിനിടെയാണ് ഭവാനിപുര്‍ ഉള്‍പ്പെടെ, ബംഗാളിലും ഒഡീഷയിലുമായി 4 നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 30ന് തിരഞ്ഞെടുപ്പു നടത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്. കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്തായിരുന്നു ഈ പൊതുതാല്‍പര്യ ഹര്‍ജി. 

Mamata Banerjee

ബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥനയും ഭരണഘടനാപരമായ അടിയന്തര സാഹചര്യവും പരിഗണിച്ചാണ് ഭവാനിപുരില്‍ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചത് എന്നായിരുന്നു കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. 

പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മമതാ ബാനര്‍ജി നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയതാണ് മറ്റോരു സംഭവം. ഭവാനിപുര്‍ റിട്ടേണിങ് ഓഫീസര്‍ക്കാണ് ബിജെപി പരാതി നല്‍കിയത്.

അഞ്ച് ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആരോപണം. കേസുമായി ബന്ധപ്പെട്ട് ബിജെപി സുപ്രീം കോടതിയുടെ രണ്ട് വിധികളും പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്‍ആര്‍സി വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അസം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും നാമനിര്‍ദ്ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നായിരുന്നു ബിജെപിയുടെ ആരോപണം.

Mamata

എന്നാല്‍ ഈ ആരോപണങ്ങള്‍ കൊണ്ടൊന്നും മമതയുടെ വിജയത്തെ തടുത്തുനിര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായില്ല. ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിജയിച്ചിരിക്കുന്നത്. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്. 2011 ല്‍ 52,213 വോട്ടിന്റെയും 2016 ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് അവര്‍ നേടിയത്. 

Content Highlights: Road to victory from nandigram to bhavanipore; Mamata Banarjee in bhavanipore by-election