ലാലു പ്രസാദ് യാദവ് |ഫോട്ടോ:ANI
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. 139.35 കോടിയുടെ ദൊറാന്‍ഡ ട്രഷറി കേസിലാണിപ്പോള്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു കുറ്റക്കാനാണെന്ന് വിധിച്ചിരിക്കുന്നത്. ഈ മാസം 18-ന് ശിക്ഷ വിധിക്കും. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 24 പേരെ കോടതി വെറുതെ വിട്ടു. ഇതില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടും.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് സിബിഐ 1996 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ലാലു പ്രസാദ് യാദവ് അഞ്ച് കേസുകളിലാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. ദൊറാന്‍ഡ ട്രഷറിയില്‍ നിന്ന് പണം അനധികൃതമായി പിന്‍വലിച്ച കേസില്‍ 170 പ്രതികളാണ് ഉണ്ടായിരുന്നത്. ഏറ്റവും അധികം പണം പിന്‍വലിച്ചതും ദൊറാന്‍ഡ ട്രഷറിയില്‍ നിന്നായിരുന്നു. വിധി പ്രസ്താവ സമയത്ത് ലാലു റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു.
കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട ആദ്യ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നല്കിയ അപ്പീല്‍ നിലവില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായിട്ടാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
Content Highlights : Lalu Prasad Yadav Convicted In 5th Fodder Scam Case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..