പട്‌ന: ആര്‍.ജെ.ഡി. നേതാവ് തേജ് പ്രതാപ് യാദവ് വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. ഭാര്യ ഐശ്വര്യ റായിയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നവംബര്‍ മൂന്നിന് സമര്‍പ്പിച്ച ഹര്‍ജിയാണ് തേജ് പ്രതാപ് പിന്‍വലിച്ചത്. വിവാഹമോചനമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്ന തേജ് പ്രതാപിനെ അനുനയിപ്പിക്കാന്‍ കുടുംബാഗംങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചതെന്നാണ് സൂചന. 

നവംബര്‍ മൂന്നിന് വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ ലാലുപ്രസാദ് യാദവും റാബ്‌റി ദേവിയും ഉള്‍പ്പെടെയുള്ളവര്‍ ദമ്പതികളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലാലു പ്രസാദ് യാദവടക്കം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിട്ടും മകന്‍ വിവാഹമോചനത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നില്ല. ഇതിനുപിന്നാലെ വീട് വിട്ടിറങ്ങിയ തേജ് പ്രതാപ് ഹരിദ്വാറിലടക്കം സന്ദര്‍ശനം നടത്തുകയും, വിവാഹമോചനത്തിന് കുടുംബം അനുവദിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ഭാര്യയും താനും ഒരിക്കലും ഒരുമിച്ചുപോകില്ലെന്നും, ഭാര്യയുടെ ആധുനിക ജീവിതരീതിയില്‍ താന്‍ ശ്വാസംമുട്ടുകയാണെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി തേജ് പ്രതാപ് പറഞ്ഞിരുന്നത്. ഈ സമയത്ത് വിവാഹം വേണ്ടെന്ന് പറഞ്ഞിട്ടും ആരുംകേട്ടില്ലെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

കഴിഞ്ഞ മെയ് 12നാണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവും ആര്‍.ജെ.ഡി. എം.എല്‍.എ. ചന്ദ്രികറായിയുടെ മകള്‍ ഐശ്വര്യറായിയും വിവാഹിതരായത്. വന്‍ ആഡംബരത്തോടെ നടന്ന വിവാഹചടങ്ങില്‍ പ്രമുഖ ദേശീയനേതാക്കളടക്കം നിരവധിപേരാണ് പങ്കെടുത്തത്. 

Content Highlights: rjd leader tej pratap yadav withdraws petition seeking divorce from aishwarya rai