ബെംഗളൂരു: പാകിസ്താനിലേക്ക് ഒഴുകുന്ന നദികളിലെ ജലം ഉപയോഗപ്പെടുത്തി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി. കനാലുകള്‍ക്ക് പകരം പൈപ്പ് ലൈനുകള്‍വഴി കര്‍ഷകര്‍ക്ക് ജലം എത്തിക്കുന്നതിനുള്ള പദ്ധതിയും കൊണ്ടുവരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പൈപ്പ് ലൈനുകള്‍വഴി കര്‍ഷകര്‍ക്ക് ജലം എത്തിക്കുന്നതുവഴി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വന്‍തുക അടക്കമുള്ളവ ലാഭിക്കാന്‍ കഴിയും. 6000 കോടിയുടെ നേട്ടം ഇത്തരത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗോദാവരിയിലെ 3000 ടി.എം.സി ജലം കടലിലേക്ക് ഒഴുകുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഗോദാവരിയുടെ ഉപനദിയായ ഇന്ദ്രാവതി നദിയിലെ നീരൊഴുക്ക് ക്രമീകരിക്കാന്‍ സര്‍ക്കാര്‍ 60,000 കോടി ചിലവഴിച്ച് അണക്കെട്ട് നിര്‍മ്മിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇതിലെ ജലം പൈപ്പ്‌ലൈന്‍ തമിഴ്‌നാട്ടില്‍വരെ എത്തിക്കാന്‍ കഴിയും. 450 ടി.എം.സി ജലം ഇത്തരത്തില്‍ തമിഴ്‌നാടിന് ലഭ്യമാക്കാന്‍ കഴിയും.

നിലവില്‍ രാജ്യത്തെ റോഡ് നിര്‍മാണം പ്രതിദിനം 28 കിലോമീറ്ററാണ്. അടുത്ത വര്‍ഷത്തോടെ ഇത് പ്രതിദിനം ഇത് 40 കിലോമീറ്ററാക്കി ഉയര്‍ത്തുമെന്ന് ഉപരിതല ഗതാഗതവകുപ്പ് മന്ത്രികൂടിയായ ഗഡ്കരി പറഞ്ഞു. റോഡ്, തുറമുഖങ്ങള്‍, ഷിപ്പിങ്, ജലവിഭവം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 8,50,000 കോടിയുടെ കരാറുകളികള്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടു കഴിഞ്ഞതായും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.