ഊട്ടി: തമിഴ്‌നാട്  വനംവകുപ്പ് 'കാടുകടത്തിയ' കൊമ്പനാന റിവാള്‍ഡോ തിരികെയെത്തി. മസിനഗുഡിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരത്തിലുള്ള ചിക്കല  വനപ്രദേശത്തേക്ക് ആയിരുന്നു വനംവകുപ്പ് റിവാള്‍ഡോയെ 'കാടുകടത്തിയത്'. എന്നാല്‍ ആന സ്വന്തം പ്രദേശത്തേക്ക് മടങ്ങിവരികയായിരുന്നു. വര്‍ഷങ്ങളായി തവളമാക്കിയ പ്രദേശത്തുതന്നെ ആന വീണ്ടും എത്തിയതോടെ  വനംവകുപ്പ് വീണ്ടും വെട്ടിലായി.

തുമ്പിക്കൈയില്‍ ഉണ്ടായ മുറിവുകാരണം ശ്വസിക്കാന്‍ പ്രയാസപ്പെട്ടിരുന്ന, റിവോള്‍വോയെ മൂന്നുമാസം മുമ്പ് മയക്കുമരുന്നോ മറ്റ് ആനകളുടെ സഹായങ്ങളോ ഇല്ലാതെ തന്ത്രപരമായി വനം വകുപ്പ് കൊട്ടിലില്‍ തളയ്ക്കുകയും ചികിത്സ നല്‍കി വരികയുമായിരുന്നു. 45 വയസ്സാണ് റിവോള്‍വോയുടെ പ്രായം. 

elephant
ബുധനാഴ്ച മസിനഗുഡിയില്‍ റിവാള്‍ഡോ തിരിച്ചെത്തിയപ്പോള്‍. 

മേനക ഗാന്ധി അടക്കമുള്ളവര്‍ ആനയെ കാട്ടിലേക്ക് തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൃഗസ്‌നേഹികളുടെ പരാതിപ്രകാരം കേസ് പരിശോധിച്ച ചെന്നൈ ഹൈക്കോടതി കൊട്ടിലില്‍ അടയ്ക്കപ്പെട്ട റിവാള്‍ഡോവിനെ സുഖം പ്രാപിച്ച ശേഷം കാട്ടിലേക്ക് തന്നെ വിട്ടയക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ്  രണ്ടാം തീയ്യതി വനം വകുപ്പ് അധികൃതര്‍ ലോറിയില്‍ കയറ്റി 35 കിലോമീറ്റര്‍ അകലെ സംരക്ഷിത വനത്തിനകത്ത് എത്തിച്ചത്. ശാന്തനായി നിന്ന ആന അപ്പോള്‍ തന്നെ തന്റെ വാസ സ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള ശ്രമം തുടങ്ങിയിരുന്നു.

ആനയെ കാട്ടില്‍ വിടുന്നതിനു മുമ്പ് തന്നെ നിരീക്ഷിക്കാനായി റേഡിയോ കോളറും ഘടിപ്പിച്ചിരുന്നു. പക്ഷെ, എല്ലാവരെയും ഞെട്ടിച്ച് റിവാള്‍ഡോ 24 മണിക്കൂറിനുള്ളില്‍ തന്റെ വിഹാര കേന്ദ്രമായ മസിനഗുഡി വനത്തില്‍ തിരിച്ചെത്തി. കുങ്കിയാനകളുടെ സഹായത്തോടെ റിവാള്‍ഡോവിനെ കാട്ടില്‍ കയറ്റിവിടാന്‍ വനം വകുപ്പ് ശ്രമിച്ചുവരികയാണ്. ആനയ്ക്ക്  അടുത്തുപോകാനോ  ഭക്ഷണം കൊടുക്കാനോ പാടില്ലെന്ന്  തദ്ദേശ വാസികള്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

content highlights: rivaldo elephant returns back to masanagudi