പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
നാഗ്പുര്‍: രാജ്യത്തെ ആദ്യ വാണിജ്യ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ഫില്ലിങ് സ്റ്റേഷന്‍ നാഗ്പൂരില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. എല്‍.എന്‍.ജി, സി.എന്‍.ജി, എഥനോള്‍ തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന് ഗഡ്കരി പറഞ്ഞു. പെട്രോള്‍ ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പെട്രോളിനെ അപേക്ഷിച്ച് കലോറി മൂല്യം കുറവാണെങ്കിലും എഥനോള്‍ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ലിറ്ററിന് 20 രൂപയെങ്കിലും ലാഭിക്കാന്‍ സാധിക്കും. ഫ്‌ളെക്‌സ് ഫ്യൂവല്‍ എഞ്ചിനുകള്‍ക്കായി സര്‍ക്കാര്‍ ഒരു നയം ഉടന്‍ പ്രഖ്യാപിക്കും. ഒന്നില്‍ കൂടുതല്‍ ഇന്ധനങ്ങളും ഇന്ധന മിശ്രിതവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനുകള്‍ ഉത്പാദിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ ഈ നയം പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയ ഇന്ധനങ്ങളായ എഥനോള്‍,മെഥനോള്‍, ബയോ-സി.എന്‍.ജി എന്നിവ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കും. ഉപയോക്താക്കള്‍ക്ക് മെച്ചം കിട്ടുന്ന ഒരേയൊരു മാര്‍ഗം ഇതാണെന്നും ഗഡ്കരി വ്യക്തമാക്കി.
പെട്രോളിയം, പ്രകൃതിവാതക മേഖല സ്വകാര്യവത്കരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ഇതിനകം അതിലേക്കുള്ള വഴി തുറന്ന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പെട്രോളിയം മന്ത്രാലയം പെട്രോളിന്റേയും ഡീസലിന്റേയും ബള്‍ക്ക് റീട്ടെയില്‍ വിപണനത്തിനായുള്ള അംഗീകാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കുകയുണ്ടായി. സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്' ഗഡ്കരി പറഞ്ഞു.
ഇപ്പോള്‍ പൊതുമേഖലയുള്‍പ്പെട്ട എല്ലാ സ്വകാര്യ കമ്പനികളേയും തങ്ങള്‍ ഈ മേഖലയിലേക്ക് ക്ഷണിച്ചു. ആര്‍ക്കും എല്‍.എന്‍.ജി. ഇറക്കുമതി ചെയ്യാന്‍ കഴിയും. ലോകമെമ്പാടും ദീര്‍ഘദൂര ഗതാഗതത്തിന് ഏറ്റവും ഹിതകരമായ ഇന്ധനമായി എല്‍എന്‍ജി ഉയര്‍ന്നുവരുന്നു.
നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ പെട്രോള്‍, ഡീസല്‍, പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതിക്കായി എട്ട് ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. അതൊരു വലിയ വെല്ലുവിളിയാണ്. ഒരു ദേശീയവാദി എന്ന നിലയില്‍ നമ്മുടെ ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..