ശ്രീനഗര്‍:  ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയെ സൈന്യം വധിച്ചതിനു ശേഷം ഭീകരസംഘടനകളില്‍ ചേരുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. നൂറിലധികം കശ്മീരി യുവാക്കളാണ് ഈ വര്‍ഷം ഭീകരസംഘടനയില്‍ ചേര്‍ന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 2016 ജൂലായ് എട്ടിനാണ് ബുര്‍ഹന്‍ വാനിയെ വധിച്ചത്.

2016 ല്‍ 88 പേരാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെങ്കില്‍ 2017 നവംബര്‍ വരെ 117 പേര്‍ ചേര്‍ന്നു. 2010 മുതലാണ് ഭീകരസംഘടനയില്‍  ചേരുന്നവരുടെ കണക്കുകള്‍ പ്രതിവര്‍ഷ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ ആരംഭിച്ചത്. ഇതാദ്യമായാണ് ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം നൂറ് കടക്കുന്നത്.

ദക്ഷിണകശ്മീരില്‍നിന്നുള്ളവരാണ് ഹിസ്ബുള്‍ മുജാഹിദീനും ലഷ്‌കര്‍ ഇ തൊയ്ബയും പോലുള്ള ഭീകരസംഘടനകളില്‍ കൂടുതലായും ചേരുന്നതെന്ന് സുരക്ഷാ ഏജന്‍സി വ്യക്തമാക്കുന്നു. അതേസമയം കശ്മീരില്‍നിന്ന് ഭീകരസംഘടനയില്‍ ചേര്‍ന്നവരുടെ എണ്ണം കുറവാണെന്ന് ജമ്മു കശ്മീര്‍ ഡി ജി പി എസ് പി വൈദ് പ്രതികരിച്ചു.

എന്നാല്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് കണക്ക് തയ്യാറാക്കുന്നതെന്നും യഥാര്‍ഥ കണക്കുകള്‍ ഇതിനെക്കാള്‍ കൂടുതലായിരിക്കുമെന്നും ഭയം മൂലം രക്ഷാകര്‍ത്താക്കള്‍ പലപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്യാറില്ലെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2010 ല്‍ 54 പേരാണ് ഭീകരസംഘടനകളില്‍ ചേര്‍ന്നത്. 2011 ല്‍ ഇത് 23 ആയിരുന്നു. 2012 ല്‍ 21, 2013ല്‍ 16 പേരുമാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്. എന്നാല്‍ 2014 മുതല്‍ 17 വരെയുള്ള കാലയളവില്‍ ഈ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2014-53, 2015-66, 2016-88 എന്നിങ്ങനെയാണ് കണക്കുകള്‍.