ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഡല്‍ഹി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ നടക്കും. എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ശനിയാഴ്ച വൈകിട്ടോടെ ഡല്‍ഹി കൈലാഷ് കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോകും. 

ഞായറാഴ്ച രാവിലെ വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം പിന്നീട് ബി.ജെ.പി. ആസ്ഥാനത്തേക്ക് കൊണ്ടുപോകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവിടെ പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചയ്ക്കുശേഷം നിഗംബോധ് ഘട്ടിലെ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. 

മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു|Read More..

ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹി എയിംസില്‍വെച്ചായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിനുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജെയ്റ്റ്‌ലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 

Content Highlights: rip arun jaitley; arun jaitley's funeral will be held at nigambodh ghat on sunday afternoon