റിജിൽ ചന്ദ്രൻ മാക്കുറ്റി| Photo: Facebook.com|Rijilchandranmakkutty
കോഴിക്കോട്: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് എന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന് മാക്കുറ്റി. ഇത് സംബന്ധിച്ച് വക്കീല്‍ നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വക്കീല്‍ നോട്ടീസെന്നും മാപ്പ് പറയില്ലെന്നും റിജില്‍ ചന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
" ചാനല്‍ ചര്‍ച്ചയില്‍ ഗാന്ധിജിയെ വധിച്ചത് ആര്.എസ്.എസ്. ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീല്‍ നോട്ടീസ് കിട്ടി. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും പോലും. ഞാന്‍ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാന്‍ കല്‍പ്പിക്കുന്നില്ല".- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല, ഗാന്ധിജിയുടെ അനുയായിയാണ് താനെന്നും റിജില്‍ ചന്ദ്രന് പറഞ്ഞു. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്.എസ്.എസ്. തന്നെയാണ്. അതുകൊണ്ട് വക്കീല്‍ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല. തന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്.എസ്.എസിന് എതിരെ പോരാടുമെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും റിജില്‍ ചന്ദ്രന് കൂട്ടിച്ചേര്‍ത്തു.

Content Highlights: Rijil Chandran Makkutty, says he will not apologize
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..