ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിലധികമായി രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അന്തര്‍ദേശീയ പിന്തുണ വര്‍ധിക്കുന്നു. സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ലോക ശ്രദ്ധ കര്‍ഷക സമരത്തിലേക്ക് തിരിയുന്നത്.

സമരം നടക്കുന്ന മേഖലയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പാണികളുമെല്ലാം നിരത്തി കര്‍ഷക സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അന്തര്‍ദേശീയ രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തുന്നത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ചയാണ് റിഹാന ട്വീറ്റ് ചെയ്തത്. കര്‍ഷക റാലിയില്‍ പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്ന് ട്വീറ്റില്‍ റിഹാന ചോദിച്ചു. ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് റിഹാനയുടെ ട്വീറ്റിന് പിന്തുണയെത്തി.

ബുധനാഴ്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയും കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തി. 'ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു' എന്ന് ഗ്രെറ്റ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്ത പങ്കുവെച്ചുകൊണ്ടുതന്നെയായിരുന്നു ഗ്രെറ്റയുടെയും ട്വീറ്റ്.

ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെയും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാഷ്ട്രീയനേതൃത്വം ഇല്ലാത്ത കാലത്ത് ജനങ്ങള്‍ മുന്നോട്ട് വരുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ ട്വീറ്റില്‍ പറയുന്നു. റിഹാനയുടെ ട്വീറ്റിന് നന്ദിയും അവര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍നിന്നുള്ള വാര്‍ത്തകള്‍ കുഴപ്പംപിടിച്ചതാണെന്ന് അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ ട്വീറ്റ് ചെയ്തു. സമാധാനപരമായ സമരത്തിനുള്ള അവകാശം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനം ആക്രമിക്കപ്പെട്ടത് ഒരു മാസം മുന്‍പാണെങ്കില്‍, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ് എന്നത് യാദൃശ്ചികമല്ല. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷക സമരക്കാര്‍ക്കെതിരെ നടക്കുന്ന സൈനികാതിക്രമങ്ങള്‍ക്കെതിരെയും ഇന്റര്‍നെറ്റ് വിച്ഛേദിക്കലിനെതിരെയും എല്ലാവരും ശക്തമായി പ്രതികരിക്കണം, അവര്‍ കുറിച്ചു.

ലബനീസ്-അമേരിക്കന്‍ മോഡല്‍ മിയാ ഖലീഫയും സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ കര്‍ഷക സമരക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു നിവേദനവും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

Content Highlights: Rihanna's Tweet Takes Farmers' Protest Global, Farm Laws