ന്യൂഡല്‍ഹി: പുതിയ ഐടി നിയമ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ വാട്ട്‌സ്ആപ്പിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ അത് ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കേന്ദ്രം വിശദീകരിച്ചു. 

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ കടമയാണ്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകള്‍ പാലിച്ച് ദേശീയ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 

രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പെടെ ഒരു മൗലിക അവകാശവും കേവലമല്ല. അത് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയേയും പൊതുനിയമങ്ങളേയും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തേയും ബാധിക്കുന്ന ചില കാര്യങ്ങള്‍ തടയാനും കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. അത് സ്വകാര്യത ലംഘനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുന്നതാണ് പുതിയ ഐടി നിയമത്തിലെ മാര്‍ഗനിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം പാലിക്കുന്നത് വാട്‌സ് ആപ്പ് ഉപയോക്താവിന്റെ സ്വകാര്യതാ ലംഘനമാണെന്നാണ് വാട്‌സ് ആപ്പ് വാദിക്കുന്നത്. 

ഇന്ത്യന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ഭരണഘടന വിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യത അവകാശത്തിന്റെ ലംഘനമാണെന്നും വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ സുരക്ഷക്കായി സര്‍ക്കാരുമായി സഹകരിക്കാറുണ്ടെന്നും വാട്‌സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാന്‍ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്സാപ്പ് പറയുന്നത്. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാന്‍ സാധിക്കാത്തത്. അതിനാല്‍ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എന്‍ക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്സാപ്പ് പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്നുമാസത്തെ സമയം മേയ് 25-ന് അവസാനിച്ചിരുന്നു. മാര്‍ഗനിര്‍ദേശം പാലിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രം മറ്റ് നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് വാട്‌സ് ആപ്പ് കോന്ദ്രസര്‍ക്കാരിനെതിരെ നിയമപരമായി നീങ്ങിയത്.