മമത ബാനർജി, അഭിഷേക് ബാനർജി | Photo: PTI
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന് അഭിഷേക് ബാനര്‍ജിയും തമ്മില്‍ തര്‍ക്കവും അഭിപ്രായ വ്യത്യാസവും രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് തൃണമൂല്‍ വിടാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച നാല് മുന്‍സിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയം. മുതിര്‍ന്ന നേതാക്കളെ വിളിച്ചുകൂട്ടി മമത ബാനര്‍ജി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.
പാര്‍ട്ടിയില്‍ 'ഒരാള്‍ക്ക് ഒരു പദവി' എന്ന അഭിഷേക് മുന്നോട്ട് വയ്ക്കുന്ന നയത്തോട് മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അതോടൊപ്പം, യുപിയില്‍ എസ്.പിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ഗോവയില്‍ കൂടി പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് മമത നല്കിയ മറുപടിയും അതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. 'അത് മറ്റുചിലര്‍ ചെയ്യുന്നുണ്ടെ'ന്നായിരുന്നു അഭിഷേകിനെ ലക്ഷ്യമിട്ട് മമത പറഞ്ഞത്. ചിലയാളുകള്‍ എന്നത്കൊണ്ട് മമത ഉദ്ദേശിക്കുന്നത് അഭിഷേകിനെയാണെന്നും ഇരുവരും തമ്മില്‍ ഭിന്നത രൂക്ഷമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐപാക് സംഘടനയുമായി ബന്ധപ്പെട്ട് അഭിഷേകാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ പാര്‍ട്ടിയുടെ ഒരു നേതാവിന്റെയോ നവമാധ്യമ അക്കൗണ്ടുകള്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് ഐപാക് ട്വീറ്റ് ചെയ്തു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും മമതയും അഭിഷേകും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസും ഐപാകും പറയുന്നു.
Content Highlights: Rift between Mamata and Abhishek in Bengal says reports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..