പ്രധാനമന്ത്രി മോദി, അമിത് ഷാ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മാറ്റിയെഴുതലുണ്ടാവുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയുടെ ചരിത്രം അടിമത്തത്തെക്കുറിച്ചു മാത്രമുള്ളതല്ലെന്നും ഉയര്‍ന്നുവന്ന വിജയത്തെക്കുറിച്ചും എണ്ണമറ്റ മഹാന്മാരുടെ വീര്യത്തെക്കുറിച്ചും കൂടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അസം സര്‍ക്കാര്‍ ഡല്‍ഹി വിജ്ഞാന് ഭവനില്‍ സംഘടിപ്പിച്ച അഹോം സൈന്യാധിപന് ലചിത് ബര്‍ഫുക്കന്റെ 400-ാം ജന്മവാര്ഷിക പരിപാടിയില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ കഴിഞ്ഞദിവസം പങ്കെടുത്ത ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്ത്യയുടെ ശരിയായ ചരിത്രം എഴുതുന്നവരെ ആര്‍ക്കാണ് തടയാനാവുക എന്ന് ചോദിച്ചിരുന്നു.
രാജ്യത്തിന്റെ ചരിത്രം അഭൂതപൂര്‍വമായ വീര്യത്തോടെയും ധീരതയോടെയും സ്വേച്ഛാധിപത്യത്തിനെതിരേ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ചരിത്രത്തിന്റെ കൂട്ടായ ബോധം ഏതാനും ദശാബ്ദങ്ങളിലോ നൂറ്റാണ്ടുകളിലോ ഒതുങ്ങുന്നതല്ല. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യത്തിനു ശേഷവും കൊളോണിയല്‍ കാലത്ത് ഗൂഢാലോചനയുടെ ഭാഗമായി എഴുതപ്പെട്ട ചരിത്രമാണ് പഠിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം നമ്മെ അടിമകളാക്കിയ വിദേശികളുടെ അജന്‍ഡയില്‍ മാറ്റംവരുത്തേണ്ട ആവശ്യമുണ്ടായിരുന്നു. അതു നടന്നില്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സ്വേച്ഛാധിപത്യത്തിനെതിരേ ഉയര്‍ന്നുവന്ന കടുത്ത ചെറുത്തുനില്‍പ്പിന്റെ കഥകള്‍ മനഃപൂര്‍വം അടിച്ചമര്‍ത്തപ്പെട്ടു. അവ മുഖ്യധാരയില്‍ നല്കാതിരുന്നതിന്റെ തെറ്റ് ഇപ്പോള്‍ തിരുത്തപ്പെടുകയാണ്' -പ്രധാനമന്ത്രി പറഞ്ഞു.
വളച്ചൊടിക്കപ്പെട്ട ചരിത്രഭാഗങ്ങള്‍ തിരുത്തിയെഴുതപ്പെടണമെന്ന് അമിത് ഷാ പറഞ്ഞു. മാതൃരാജ്യത്തിനുവേണ്ടി പോരാടാന്‍ മാതൃകാപരമായ വീര്യം പ്രകടിപ്പിച്ച 30 മഹത്തായ ഇന്ത്യന്‍ സാമ്രാജ്യങ്ങളെയും 300 യോദ്ധാക്കളെയുംകുറിച്ച് ഗവേഷണം നടത്താന്‍ ചരിത്ര അക്കാദമി അംഗങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മഹത്തായ ചരിത്രം പുനരുജ്ജീവിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയ ഷാ, രാജ്യത്തിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുന്ന സര്ക്കാരാണിപ്പോഴുള്ളതെന്നും വ്യക്തമാക്കി.
ബ്രഹ്മപുത്ര താഴ്വരയില് മധ്യകാലഘട്ടത്തിന്റെ അവസാനം നിലനിന്നിരുന്ന രാജവംശമായിരുന്നു അഹോം. മുഗളന്മാരെ പരാജയപ്പെടുത്തുകയും ഔറംഗസേബിന്റെ സാമ്രാജ്യവികസനം തടയുകയും ചെയ്ത അഹോം സൈന്യത്തിന്റെ സേനാധിപനായിരുന്ന ബര്‍ഫുക്കന്റെ ഓര്മ പുതുതലമുറയിലെത്തിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിപാടി.
Content Highlights: Rewrite history Modi Amt Shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..