ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

19 പുനഃപരിശോധാ ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്. ഇതിനു പുറമേ നിരവധി റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെയാണ് പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച കോടതി ചേര്‍ന്ന സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വിഷയം ഉന്നയിച്ചത്. പുതുതായി ഒരു റിട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അത് അടിയന്തിരമായി പരിഗണിക്കണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിനു മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി പുനഃപരിശോധനാ ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു അഭിഭാഷകനും വ്യക്തമാക്കി. 

ഇതേ തുടര്‍ന്ന് ബെഞ്ചിലെ അംഗങ്ങളായ മറ്റ് ജസ്റ്റിസുമാരുമായി കുറച്ചുസമയം കൂടിയാലോചന നടത്തിയതിനു ശേഷം പുനഃപരിശോധനാ ഹര്‍ജികളും പുതുതായി സമര്‍പ്പിക്കപ്പെട്ട റിട്ടുകളും എപ്പോള്‍ പരിഗണിക്കണമെന്ന് ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

നേരത്തെ, പൂജാ അവധിക്ക് കോടതി അടയ്ക്കുന്നതിനു മുമ്പ് ശബരിമല വിധിയെ കുറിച്ചുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനു മുമ്പാകെ ആവശ്യമുയര്‍ന്നിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടട്ടെ, അത് വേണ്ട സമയത്ത് പരിഗണിക്കാമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി. 

സാധാരണയായി, വധശിക്ഷക്കെതിരെ  സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഒഴികെയുള്ളവ ജസ്റ്റിസുമാരുടെ ചേമ്പറിലാണ് പരിഗണിക്കാറ്. മറ്റുള്ളവ തുറന്ന കോടതിയില്‍ പരിഗണിക്കുന്ന കീഴ്‌വഴക്കമില്ല. എന്നാല്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതികളില്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ തന്നെയാകും പരിഗണിക്കുക.

content highlights: review petition on sabarimala women entry to be consider on tuesday says court