പട്‌ന: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാന്‍ നോണ്‍ സ്‌റ്റോപ്പ് തീവണ്ടികള്‍ ഓടിത്തുടങ്ങിയതോടെ ബിഹാറിലേക്ക് തിരിച്ചെത്താനിരിക്കുന്നത് പത്ത് ലക്ഷത്തോളം പേര്‍. 40 ദിവസത്തോളം തൊഴിലും വരുമാനവുമില്ലാതെ കഴിഞ്ഞശേഷം കാലിയായ പണസഞ്ചിയുമായാണ് ഇവരെല്ലാം മടങ്ങിയെത്തുന്നത്. രാജ്യത്തുതന്നെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനമായ ബിഹാറിലേക്ക് ലക്ഷക്കണക്കിന് തൊഴിലാളികള്‍ തിരിച്ചെത്തുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബിഹാറിന് ഇവരുടെയെല്ലാം ക്ഷേമം ഉറപ്പാക്കാന്‍ കഴിയുമോ എന്നകാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്.

ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ് ബിഹാറിലെ തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മാ നിരക്ക് 10.3 ശതമാനമായിരുന്നുവെങ്കില്‍ 2020 ഏപ്രിലില്‍  അത് 46.6 ശതമാനമായി ഉയര്‍ന്നു. കടുത്ത തൊഴിലില്ലായ്മയാണ് ബിഹാറിലെ ജനങ്ങളെ തൊഴില്‍തേടി അന്യ സംസ്ഥനങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നത്. 2020 ഫെബ്രുവരിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബിഹാറിലെ പകുതിയിലേറെ കുടുംബങ്ങളിലെയും അംഗങ്ങള്‍ക്ക് തൊഴില്‍തേടി അന്യ സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ പോകേണ്ടി  വരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ കുടിയേറുന്നവരില്‍ ഭൂരിഭാഗം പേരും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. 80 ശതമാനത്തോളം പേരും സ്വന്തമായി ഭൂമിയില്ലാത്തവരോ ഒരു ഏക്കറില്‍  താഴെ ഭൂമിയുള്ളവരോ ആണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. 

സ്ഥിതിഗതികള്‍ ഇത്തരത്തിലാണെന്നിരിക്കെ കുടിയേറ്റതൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തുന്നതുമൂലം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുന്നത് ബിഹാറിനായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ഉള്ളത് യു.പിയിലും ബിഹാറിലുമാണ്. 2.9 കോടി ജനങ്ങളാണ് ഇരു സംസ്ഥാനങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോയിട്ടുള്ളത്. കുടിയേറ്റ തൊഴിലാളികളില്‍ 30.7 ശതമാനം പേരും തൊഴിലില്ലായ്മ മൂലമാണ് സംസ്ഥാനം വിടുന്നതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ശേഷിക്കുന്നവരില്‍  ഭൂരിഭാഗവും മികച്ച തൊഴില്‍ തേടി സംസ്ഥാനം വിടുന്നവരാണ്. കുടിയേറ്റ തൊഴിലാളികളില്‍ 22 ശതമാനം പേരും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്നവരും 19.3 ശതമാനം പേര്‍ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരുമാണെന്നും സാമ്പിള്‍ സര്‍വെ വ്യക്തമാക്കിയിട്ടുണ്ട്. 

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുതല്‍ക്കുതന്നെ രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍  ഒന്നാണ് ബിഹാര്‍. കാര്‍ഷികോത്പാദനത്തിലെ കുറവും വ്യാവസായിക വത്കരണം നടപ്പാക്കാത്തതും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലെ പ്രശ്‌നങ്ങളും സ്വന്തമായി ഭൂമിയില്ലാത്ത നല്ലൊരു ശതമാനം ജനങ്ങളുമൊക്കെയാണ് ബിഹാറിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബിഹാറിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വരുമാന സ്രോതസ് കുടിയേറ്റ തൊഴിലാളികള്‍ അയയ്ക്കുന്ന തുകയായിരുന്നു. ഒരു തൊഴിലാളി ശരാശരി 2100 രൂപവീതം പ്രതിമാസം വീട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ വരുമാനം മുടങ്ങുന്നതോടെ അവരുടെയെല്ലാം കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും. 

ഇതിനെല്ലാം ഉപരി കടുത്ത സാമൂഹിക പ്രശ്‌നങ്ങളും ബിഹാറിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് കാല്‍നടയായി സഞ്ചരിച്ച് സ്വന്തം നാട്ടിലെത്തിയ കുടിയേറ്റ തൊഴിലാളികളില്‍ പലര്‍ക്കും കടുത്ത വിവേചനമാണ് നേരിടേണ്ടിവന്നത്. തൊഴിലാളികള്‍ സ്വന്തം ഗ്രാമത്തില്‍ എത്തിയാലുടന്‍ അയല്‍വാസികള്‍ പോലീസിനെ വിളിച്ചുവരുത്തുന്ന സംഭവങ്ങള്‍ പതിവായിട്ടുണ്ട്. പല സ്ഥലത്തേക്കുമുള്ള റോഡുകള്‍ ഗ്രാമീണര്‍ അടച്ചു കഴിഞ്ഞു. നാട്ടിലെത്തിയ കുടിയേറ്റ തൊഴിലാളികളില്‍ പലരെയും സ്വന്തം വീട്ടില്‍ കയറാന്‍പോലും നാട്ടുകാര്‍ അനുവദിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കടപ്പാട് - News18

Content Highlights; Reverse Migration of 10 Lakh Workers Will Test Bihar's Ability to Feed - Experts