ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ ദൃശ്യങ്ങൾ | Photo:ANI.
ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം സംബന്ധിച്ച് പല കാര്യങ്ങളിലും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ലോക്കോ പൈലറ്റിനോ, സ്റ്റേഷന്‍ മാസ്റ്റര്‍ക്കോ വീഴ്ച സംഭവിച്ചോ അതോ, സാങ്കേതികമായ മറ്റെന്തെങ്കിലും പിഴവ് സംഭവിച്ചോ എന്നതും വ്യക്തമല്ല. ഏതെങ്കിലും രീതിയില്‍ തീവണ്ടി പാളം തെറ്റിയ വിവരം കൈമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സാധിച്ചേനെ
ആദ്യം ഒരു ട്രെയിന്‍ പാളംതെറ്റി നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഇതിന്റെ ബോഗികള്‍ ഇടിച്ചുകയറി. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറിയതോടെയാണ് വളരെ വലിയ അപകടമായി മാറിയത്.261 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
സാധാരണ രീതിയില്‍ ഇത്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സന്ദേശം കൈമാറുകയാണ് ലോക്കോപൈലറ്റുമാരും ഗാര്‍ഡുമാരും ചെയ്യുക, എന്നാല്‍ ഇക്കാര്യത്തില്‍ ഇവിടെ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ല. ഒരു പക്ഷേ, അതിനുള്ള സമയം ലഭിച്ചിട്ടില്ലായിരിക്കാം. പ്രദേശത്ത് റെയ്ഞ്ചില്ലെങ്കില്‍ അതും കാരണമാകാം. എന്നാല്‍, ഇത്തരം അവസരങ്ങളിലും എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിന് റെയില്‍വേയില്‍ കൃത്യമായ രീതികളുണ്ട്. ഇത്തരം അപകട സാഹചര്യങ്ങള്‍ നേരിടാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേ ഡിറ്റണേറ്റേഴ്സ് നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത റെയില്‍വേ ലൈന്‍ സംരക്ഷിക്കാനാണ് ഈ നടപടി.
തീവണ്ടി പാളംതെറ്റുന്ന സാഹചര്യമുണ്ടായാല്‍ ലോക്കോ പൈലറ്റുമാര്‍ സുരക്ഷിതരാണെങ്കില്‍ അവര്‍ തൊട്ടടുത്ത് റെയില്‍വേ ട്രാക്കില്‍ ഡിറ്റണേറ്റേഴ്സ് സ്ഥാപിക്കും. ആദ്യത്തെ ഡിറ്റണേറ്റര്‍ സ്ഥാപിക്കുക അപകടം നടന്ന് 500 മീറ്ററിനപ്പുറത്താണ്. തുടര്‍ന്ന് 1000 മീറ്ററിലും രണ്ടെണ്ണം സ്ഥാപിക്കും. എതിര്‍ദിശയില്‍ വരുന്ന ട്രെയിന്‍ ഇവയുടെ മുകളിലൂടെ കയറുമ്പോള്‍ ഡിറ്റണേറ്റേഴ്സ് പൊട്ടിത്തെറിക്കുകയും ലോക്കോ പൈലറ്റുമാര്‍ ജാഗരൂകരാവുകയും ചെയ്യും. തുടര്‍ന്ന് അപകടസാധ്യത മുന്നില്‍ കണ്ട് ട്രെയിന്‍ നിര്‍ത്തുന്നതാണ് രീതി. അപകടമാകുന്ന വിധം എന്ത് ശബ്ദമുണ്ടായാലും ട്രെയിന്‍ നിര്‍ത്തുന്നതാണ് റെയില്‍വേയില്‍ പതിവ് രീതി. അതിന് ശേഷം മാത്രമാണ് കാരണം അന്വേഷിക്കുക.
എന്നാല്‍, ഇന്നലത്തെ സാഹചര്യത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ഈ രീതിയില്‍ പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യമുണ്ടായെന്നിരിക്കില്ല. തുടക്കത്തില്‍ തന്നെ എന്‍ജിന്‍ പാളം തെറ്റുന്ന സാഹചര്യമുണ്ടായാല്‍ ലോക്കോ പൈലറ്റുമാര്‍ എന്‍ജിനിടയില്‍ അമര്‍ന്നു പോകാനുള്ള സാധ്യതയുണ്ട്. അവരുടെ കാലുകള്‍ കുടുങ്ങി പോകും. ഏതെങ്കിലും രീതിയില്‍ സാധ്യമായിരുന്നെങ്കില്‍ അവര്‍ എതിര്‍ദിശയില്‍ വരുന്ന ട്രെയിനിനെ സംരക്ഷിക്കാന്‍ ശ്രമിക്കും. സ്വന്തം ജീവനേക്കാള്‍ പ്രധാനമായി കണ്ട് അത് ചെയ്യാനുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
സാധാരണ രീതിയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അപകടവിവരം അറിഞ്ഞിരുന്നെങ്കില്‍ രണ്ടാമതൊരു അപകടം ഉണ്ടാകുന്നത് തടയാമായിരുന്നു. എന്നാല്‍ ഇവിടെ അവര്‍ കാര്യം അറിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍. ട്രെയിന്‍ അപകടത്തില്‍ ഒരു ചരക്കുതീവണ്ടിയുടെ സാന്നിധ്യവുമുണ്ട്. ഇരു ട്രെയിനുകളിലേയും ക്രൂവിനും ഒന്നും ചെയ്യാനായില്ലെന്നതാണ് വ്യക്തമാകുന്ന വസ്തുത. ഏതെങ്കിലും രീതിയില്‍ സന്ദേശം കൈമാറാന്‍ സാധിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ അപകടം തടയാമായിരുന്നു. ആദ്യത്തെ അപകടം കഴിഞ്ഞ് എത്ര സമയത്തിന് ശേഷമാണ് കൂട്ടിയിടി ഉണ്ടായതെന്നതിലും റെയില്‍വേ കൃത്യമായ മറുപടി നല്‍കുന്നില്ല.
സിഗ്‌നലിങ് സംവിധാനം
നിലവില്‍ രാജ്യത്ത് എല്ലായിടത്തും ഓട്ടോമേറ്റഡ് സിഗ്‌നല്‍ സിസ്റ്റം പ്രാവര്‍ത്തികമായിട്ടില്ല. ഈ അപകടം നടന്ന മേഖലയില്‍ ഏത് തരത്തിലുള്ള സിഗ്‌നലിങ് സംവിധാനമാണെന്നതില്‍ നിലവില്‍ വിവരം ലഭ്യമല്ല. അപകടമുണ്ടായ സാഹചര്യത്തില്‍ ഇവിടെ ഓട്ടോമേറ്റഡ് സംവിധാനം അല്ലായിരുന്നു എന്ന് വേണം കരുതാന്‍.
മണിക്കൂറില്‍ 130 കി.മീ അധികം വേഗത്തില്‍ സഞ്ചരിക്കുന്ന തീവണ്ടികളുള്ള റൂട്ടുകളില്‍ ഓട്ടോമേറ്റഡ് സിഗ്‌നലിങ് സംവിധാനം ആവശ്യമാണ്. ഇത്തരത്തിലുള്ള സംവിധാനം നിലവിലുണ്ടെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. അപകടസാഹചര്യങ്ങളില്‍ റെയില്‍വേ ലൈന്‍ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ ഉടന്‍ തന്നെ സിഗ്‌നല്‍ ഡൗണ്‍ ആകും. ഇതോടെ ലോക്കോ പൈലറ്റുമാര്‍ക്ക് മുന്നോട്ടുള്ള പാതയില്‍ തടസ്സമുണ്ടെന്ന് തിരിച്ചറിയാനാകും.
ഒരേ പാതയില്‍ പാഞ്ഞെത്തുന്ന രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണ് 'കവച്'. എന്നാല്‍ അപകടം സംഭവിച്ച ട്രെയിനുകളില്‍ ഈ സംവിധാനം നിലവിലില്ലായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഈ സംവിധാനം ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ്. ഇവ പ്രായോഗികമായി പ്രവര്‍ത്തിക്കണമെങ്കില്‍ ട്രാക്ക് മുഴുവന്‍ ജി.പി.എസ് സംവിധാനമൊക്കെ ആവശ്യമാണ്.
Content Highlights: Retired The locopilot speaks on odisha train accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..